nh-paravur
അണ്ടിപ്പിള്ളിക്കാവിൽ ദേശീയപാത പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു

പറവൂർ : മൂത്തകുന്നം - വരാപ്പുഴ ദേശീയപാതയിൽ തകർന്ന ഭാഗത്ത് റെഡിമിക്സ് ഉപയോഗിച്ച് അടച്ച കുഴികൾ വീണ്ടും രൂപപ്പെട്ടു. റെഡി മിക്സ് ഉപയോഗിച്ച് രണ്ട് ദിവസത്തിന് മുമ്പാണ് കുഴികൾ അടച്ചത്. ശക്തമായ മഴയിൽ ഇവിടങ്ങളിലെ റെഡിമിക്സ് ഒലിച്ചുപോയി. ദേശീയപാത തകർന്നുതരിപ്പണമായി കിടക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ടാറിംഗ് ഇല്ലാത്ത അവസ്ഥയാണ്. അപകടകരമായ ഗർത്തമാണ് പലയിടങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്.

കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയടക്കമുള്ള ചെറുവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവായി. രാത്രിയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

നിയന്ത്രണം ഏർപ്പെടുത്തണം

കണ്ടെയ്നർ അടക്കമുള്ള വലിയ വാഹനങ്ങൾ ഗട്ടറിൽ വീഴുമ്പോൾ റോഡിനു സമീപത്തുള്ള വീടുകൾ കുലുങ്ങി ഭിത്തിക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥയാണ്. കണ്ടെയ്നർ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

ടാർ ചെയ്യ്തിട്ട് മൂന്ന് വർഷത്തിലേറെ

മൂന്ന് വർഷത്തിലേറെയായി ഇവിടെ റോഡ് ടാർ ചെയ്തിട്ട്. കഴിഞ്ഞ വർഷങ്ങളിൽ അറ്റകുറ്റപ്പണി മാത്രമാണ് ചെയ്തത്. റോഡ് ടാർ ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും ടാറിംഗ് നടത്തിയില്ല. ദേശീയപാതയ്ക്കു വേണ്ടി സ്ഥമെടുക്കുന്നതിനാൽ പുതിയപാത വരുന്നതിനാലാണ് ടാറിംഗ് ഒഴിവാക്കിയതെന്ന് അധികൃതർ പറയുന്നത്.