തൃപ്പൂണിത്തുറ: നഗരസഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി തൃപ്പൂണിത്തുറ മുൻസിപാലിറ്റി പാർലമെന്ററി പാർട്ടി ലീഡറുമായ വി.ആർ വിജയകുമാറിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ രണ്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എസ്.ഐ ബിജു അറിയിച്ചു.ആർ.എസ്.എസ് പ്രവർത്തകരായ ഹരി, വിപിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ആഗസറ്റ് 15 ന് രാത്രി വടക്കേക്കോട്ടയിലുള്ള വീടിനു മുന്നിൽ വച്ചാണ് വിജയകുമാറിന് മർദ്ദനമേറ്റത്.ബി.ജെ.പി തൃപ്പൂണിത്തുറ ഘടകത്തിലെ ഗ്രൂപ്പ് പോരാണ് മർദ്ദനത്തിൽ കലാശിച്ചത്.വിജയകുമാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് എതിർവിഭാഗത്തിലുള്ളവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിൽ യോഗം കൗൺസിലർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയിരുന്നു.എന്നാൽ 12 അംഗങ്ങളുള്ള ബി.ജെ പിയിലെ ഏഴ് അംഗങ്ങൾ ഇതിനെ എതിർത്തു.സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ആർ പത്മകുമാർ പങ്കെടുത്ത യോഗത്തിൽ വിജയ കുമാറിനെതിരെ രൂക്ഷ വിമർശനമുയർന്നതായും അറിയുന്നു.