വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പുറത്താക്കി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റിബൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചയാളാണ് ഉണ്ണിക്കൃഷ്ണൻ. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയെ ഉണ്ണിക്കൃഷ്ണൻ പിന്താങ്ങിയതോടെ വി.കെ. കൃഷ്ണൻ (സി.പി.എം) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടരവർഷത്തിനു ശേഷം ഉണ്ണിക്കൃഷ്ണന് പ്രസിഡന്റ് പദവി വാഗ്ദാനം നൽകി കോൺഗ്രസ് കൂടെക്കൂട്ടുകയും അവിശ്വാസപ്രമേയം അവതരിപ്പിച്ച് വി.കെ. കൃഷ്ണനെ പുറത്താക്കുകയും ചെയ്തു. തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉണ്ണിക്കൃഷ്ണനെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാൽ ഉണ്ണിക്കൃഷ്ണനെ പിന്താങ്ങിയത് ഒരു വർഷത്തിനു ശേഷം സ്ഥാനം ഒഴിയണമെന്നും ശേഷം കാലയളവ് കോൺഗ്രസിലെ രസികലപ്രിയ പ്രസിഡന്റായി വരണമെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ഈ ധാരണപ്രകാരം ജൂലായ് 26ന് ഉണ്ണിക്കൃഷ്ണൻ സ്ഥാനം ഒഴിയേണ്ടതായിരുന്നു. ഒഴിയാൻ ഇദ്ദേഹം തയ്യാറാകാത്തതിനെ തുടർന്നാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
പ്രസിഡണ്ട് പദവി പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിട്ടുള്ള എളങ്കുന്നപ്പുഴയിൽ 23 അംഗ സമിതിയിൽ സി.പി.എം., കോൺഗ്രസ് കക്ഷികൾക്ക് 8 വീതവും ബി.ജെ.പി.ക്ക് 4 ഉം ഒരാൾ സ്വതന്ത്രനും ശേഷിക്കുന്ന 2 പേർ കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച് പിന്നീട് കോൺഗ്രസിൽ ചേർന്നവരുമാണ്. ഉണ്ണികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ ഇദ്ദേഹത്തിനെതിരെ കോൺഗ്രസ് അവിശ്വാസപ്രമേയം വിജയിപ്പിക്കാനാവില്ല.