വൈപ്പിൻ: ചെറായി വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ യാക്കോബായ വിഭാഗക്കാരായ വൈദികനും വിശ്വാസികൾക്കും പള്ളിയിലും പള്ളിവക സ്ഥാപനങ്ങളിലുംഎറണാകുളം ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതി താൽക്കാലിക നിരോധനം ഏർപ്പെടുത്തി . 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വികാരി താനാണെന്നും സമാന്തര ഭരണം നടത്തുന്നവരെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗക്കാരായ പള്ളി വികാരി ഫാ. ടുബി ഇടമറുക് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം നൽകിയ ഉപഹർജി കോടതി തള്ളി.
2002ലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കാൻ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം ജില്ലാ കോടതിയിൽ നൽകിയിരുന്ന ഹർജി നേരത്തെ തള്ളിയിരുന്നു. ഒരു മാസം മുമ്പ് യാക്കോബായക്കാർ പള്ളിയിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗക്കാരനായ വികാരി പള്ളി തുറക്കാതെ കോടതിയെ സമീപിച്ചിരുന്നു.