വൈപ്പിൻ: ഓണത്തിന് മൂന്ന് ജല വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ യാത്രാ പദ്ധതികളൊരുങ്ങി. മത്സ്യഫെഡ് ഞാറക്കൽ, മാലിപ്പുറം, പാലക്കരി കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ജല, കര മാർഗങ്ങളിലൂടെയുള്ള യാത്ര ഒരുക്കിയിട്ടുള്ളത്. ഭൂമിക, പ്രവാഹിനി എന്നിങ്ങനെ പേരിട്ടിട്ടുള്ള യാത്രകളുടെ ഉദ്ഘാടനം ഇന്നലെ മഞ്ഞനക്കാട് ബോട്ട് ജെട്ടിയിൽ എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
20 പേർക്കിരിക്കാവുന്ന ബോട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മത്സ്യഫെഡിന്റെ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ ബോൾഗാട്ടി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളും സന്ദർശിക്കും. കരമാർഗമുള്ള യാത്രയിൽ വല്ലാർപാടം പള്ളി, ബോൾഗാട്ടി, ലുലുമാൾ, തൃപ്പൂണിത്തുറ ഹിൽപാലസ്, കുമരകം പക്ഷി സങ്കേതം, വൈക്കം ഫിഷ് ഗാലക്‌സി, ഫോർട്ടുകൊച്ചി എന്നിവ ഉൾപ്പെടും. മെട്രോ ട്രെയിൻയാത്രയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.