varapuzha-nh-
ദേശീയപാത 66ൽ വരാപ്പുഴയിലെ ഗതാഗതക്കുരുക്ക്

വരാപ്പുഴയിലെ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസിന് കഴിയുന്നില്ല.

പറവൂർ: ദിനംപ്രതി മുറുകുന്ന വരാപ്പുഴയിലെ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസിന് കഴിയുന്നില്ല. ദേശീയപാത 66 ലെ വരാപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡിലെ എസ്.എൻ.ഡി.പി കവലയിലാണ് രാവിലെയും വൈകിട്ടും ഗതാഗതം താറുമാറാകുന്നത്. ദേശീയപാതക്ക് കുറുകെ ചെട്ടിഭാഗം - മണ്ണംതുരുത്ത് റോഡിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രണമില്ലാതെ കിടക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. തിരക്കേറിയ സമയത്ത് നാലു ഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ തിക്കിതിരക്കി കയറുന്നതോടെ മണിക്കുറുകൾ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയാണ്. ഇതിനിടയിൽ ഇരുചക്രവാഹനങ്ങൾ കൂടി കയറുമ്പോൾ പറയാനുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ തിരുമപ്പം മുതൽ ചേരാനല്ലൂർ വരെ ഗതാഗത കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ടനിര മാറാൻ മണിക്കൂറുകൾ വേണ്ടിവന്നു. പറവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ കൂനമ്മാവിൽ നിന്ന് തിരിഞ്ഞ് മേത്താനം പാലം വഴി പോയതിനാൽ റോഡിലെ തിരക്കൊഴിയാൻ സഹായിചെങ്കിലും പ്രദേശത്തെ ബസ് യാത്രക്കാരെ വലച്ചു. വിദ്യാർത്ഥികളും ജോലിക്കു പോകുന്നവരുമടക്കം നിരവധി യാത്രക്കാർ ബസ് സ്റ്റോപ്പിൽ കുടുങ്ങി.തിരക്കേറുന്ന സമയത്ത് മാത്രമാണ് പൊലീസിന്റെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.


നിവേദനങ്ങൾക്ക് പുല്ലുവില

എസ്.എൻ.ഡി.പി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അനുദിനം തിരക്ക് വർദ്ധിക്കുന്നതല്ലാതെ പരിഹാരത്തിന് അധികൃതർക്ക് കഴിയുന്നില്ല. സിഗ്നൽ ലൈറ്റ് സ്ഥാപിക്കുക, തുരങ്ക പാത നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനങ്ങൾ പലതും നാട്ടുകാർ നൽകിയെങ്കിലും ഇതൊന്നും എങ്ങുമെത്തിയില്ല.

 രാവിലെ 8 മുതൽ 9:30 വരെയുള്ള സമയം

മിനിറ്റുകൾക്കുള്ളിൽ നൂറു കണക്കിന് ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നു

 കുരുക്കഴിക്കാൻ എളുപ്പവഴി

ഈ സമയത്ത് വലിയ ചരക്കു വാഹനങ്ങളെ നിയന്ത്രിച്ചാൽ ഒരു പരിധിവരെ ഗതാഗത തടസം ഒഴിവാക്കാം. മെയിൻ റോഡിലേക്ക് കടക്കുന്ന വാഹനങ്ങൾ നേരിട്ട് എതിർഭാഗത്തേക്ക് കടക്കുന്നതൊഴിവാക്കിയാൽ ഇപ്പോഴത്തെ തടസമൊഴിവാക്കാൻ സാധിക്കും. മണ്ണംതുരുത്ത് റോഡിൽ നിന്നുള്ള വാഹനങ്ങൾ ഇടത്ത് തിരിഞ്ഞ് ടോൾ ബൂത്തിന്റെ ഭാഗത്തും ചെട്ടിഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഷാപ്പുപടിയിലും യു ടേൺ എടുത്ത് ഹൈവേയിൽ പ്രവേശിച്ചാൽ സമയനഷ്ടവും ഇന്ധനഷ്ടവും ഒഴിവാക്കാനാകും.