കൊച്ചി: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂർണ്ണ പുകയില നിയന്ത്രണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും പുകയില നിയന്ത്രണത്തിനായി ഒരു നോഡൽ ഓഫീസറെ നിശ്ചയിക്കാനും നോഡൽ ഓഫീസർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു.
പുകയില വില്പന നടത്തുന്ന കടകൾക്ക് ലൈസൻസ് നൽകുമ്പോൾ പുകയില നിയന്ത്രണ നിയമ നിബന്ധനകൾ പാലിച്ചു കൊള്ളാം എന്ന സാക്ഷ്യപത്രം കട ഉടമകൾ ഒപ്പിട്ട് നൽകണമെന്നും യോഗത്തിൽ തീരുമാനമായി. ഇന്ത്യൻ പുകയില നിയന്ത്രണ നിയമപ്രകാരം പുകവലി നിരോധന സൂചന ബോർഡ്, 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ, പുകയില ഉത്പന്നങ്ങളോ വിൽക്കുന്നത് ശിക്ഷാർഹമാണ് എന്ന സൂചന ബോർഡ്, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് വാര ദൂര പരിധിക്ക് പുറത്താണ്, പുകയിലയോ- പുകയില ഉത്പന്നങ്ങളോ പ്രദർശിപ്പിച്ച് വിൽക്കുന്നില്ല തുടങ്ങിയ നിബന്ധനകളാണ് സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
#അദ്ധ്യാപകന്റെ ഉത്തരവാദിത്വം
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന അദ്ധ്യാപകൻ വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവ് നിയമം അനുശാസിക്കുന്ന വിധം പുകയില വില്പനരഹിതമാക്കാനുള്ള കർശന നടപടിയെടുക്കണം. നിയമം പാലിക്കാത്ത സ്ഥലങ്ങൾ റിപ്പോർട്ട് ചെയ്യണം. സ്കൂൾ പരിസരം പുകയില രഹിതമെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാന അദ്ധ്യാപകന്റെ ഉത്തരവാദിത്വമാണ്.