പിറവം ആറുമാസമായി സ്ഥിരം സെക്രട്ടറി ഇല്ലാത്തതിനാൽ പിറവം നഗരസഭയിൽ, അകാരണമായ കാലതാമസവും, ഭരണപ്രതിസന്ധിയും. തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ സെക്രട്ടറിമാർ സ്ഥലംമാറി പോയിആറുമാസം കഴിഞ്ഞിട്ടുംസ്ഥിരം സെക്രട്ടറി നിയമനം നടത്തിയിട്ടില്ല. ആദ്യ മൂന്നു മാസം മരട് നഗരസഭാ സെക്രട്ടറിക്ക് അധികചുമതല നൽകി. അതിനുശേഷം, ഇപ്പോഴുള്ള കളമശേരി നഗരസഭാ സെക്രട്ടറി അധിക ചുമതല നിർവ്വഹിക്കുകയാണ്. പിറവത്തിന്റെ മൂന്നിരട്ടിയുള്ള കളമശ്ശേരി നഗരസഭയുടെ കാര്യങ്ങൾപോലും നോക്കുവാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അധിക ചുമതല അപ്രായോഗികമാണ്. രണ്ട് ആഴ്ച കൂടുമ്പോൾ മൂന്നോ നാലോ മണിക്കൂർ മാത്രമേ അഡീഷണൽ ചാർജുള്ള സെക്രട്ടറിക്ക് പിറവത്ത് പ്രവർത്തിക്കാൻസാധിക്കുന്നുള്ളൂ.നഗരസഭ കൗൺസിൽ തീരുമാനങ്ങൾ 48 മണിക്കൂറിനകം രേഖകൾ ആക്കണമെന്ന് ചട്ടം പോലും പാലിക്കപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. . മുനിസിപ്പൽ ആക്ട് പ്രകാരം സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളുള്ള സെക്രട്ടറിയുടെ അഭാവം ഉദ്യോഗസ്ഥതലത്തിൽ നിഷ്ക്രിയത്വത്തിന് കാരണമായിട്ടുണ്ട്. ഭരണസമിതിയുടെ കാലാവധി തീരാൻ ഒരു വർഷം മാത്രം ഉള്ളപ്പോൾ പരമാവധി പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കൗൺസിലർമാർ, എന്നാൽ നടപടിക്രമങ്ങളിലെ കാലതാമസംമൂലം, 2018-19 ലെ വാർഷിക പദ്ധതികൾ പോലും ഇതുവരെ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല.അടിയന്തരമായി സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്ന് സി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ ബെന്നി വി വർഗീസ് ആവശ്യപ്പെട്ടു.
വലയുന്നവർ
സാക്ഷ്യപത്രങ്ങൾക്കായി നഗരസഭയിൽ എത്തുന്നവർ
ഭവന പദ്ധതികളായ പിഎംഎവൈ ലൈഫ്, തൊഴിലുറപ്പ് ഗുണഭോക്താക്കൾ
പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന കൗൺസിലർമാർ