കൊച്ചി : തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ചു ഫ്ളാറ്റുകൾ ഈമാസം 20 നകം പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം താമസക്കാരെ കടുത്ത ഭീതിയിലാക്കി. ഉത്തരവ് നടപ്പാക്കാൻ പോംവഴി തേടി മരട് മുനിസിപ്പാലിറ്റി സർക്കാരിനെ വീണ്ടും സമീപിക്കും.
മേയ് എട്ടിന് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടെങ്കിലും നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് അരുൺമിശ്ര ഉത്തരവിൽ മുന്നറിയിപ്പ് ആവർത്തിച്ചു. കേസ് പരിഗണിക്കുന്ന ഈമാസം 23 ന് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. വിധിക്കെതിരെ ഫ്ളാറ്റ് നിർമ്മാതാക്കളും ഉടമകളും താമസക്കാരും നൽകിയ പുന:പരിശോധനാ ഹർജികൾ നേരത്തെ തള്ളിയിരുന്നു. സ്വമേധയാ ഹർജി പരിഗണിച്ചാണ് ഇന്നലെ അന്ത്യശാസനം നൽകിയത്.
ആര് പുനരധിവസിപ്പിക്കും
കോടതിവിധിയിൽ കടുത്ത ആശങ്കയിലാണ് താമസക്കാർ. ഇനിയെന്ത് ചെയ്യുമെന്ന ചോദ്യമാണ് അവരെല്ലാം ഉന്നയിക്കുന്നത്. സമ്പാദ്യം മുഴുവൻ മുടക്കി നിയമപരമായി വാങ്ങിയ ഫ്ളാറ്റുകൾ വിട്ടുപോകില്ലെന്ന നിലപാടാണ് ഭൂരിപക്ഷം പേർക്കും. ബദൽ സംവിധാനം സംബന്ധിച്ച് ഉത്തരവിൽ വിശദീകരിച്ചിട്ടില്ല. ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്ന് വ്യക്തമായ മറുപടികളും ലഭിച്ചിട്ടില്ലെന്ന് താമസക്കാർ പറയുന്നു.
അവസാനശ്രമമെന്ന നിലയിൽ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകുന്നത് പരിശോധിക്കുമെന്ന് ഗോൾഡൻ കായലോരം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഫ്രാൻസിസ് പറഞ്ഞു. അസോസിയേഷൻ യോഗം ചേർന്ന് തീരുമാനമെടുക്കും. ഫ്ളാറ്റ് നിർമ്മാക്കൾ കൈവിട്ടു. ഒഴിയേണ്ടിവരുന്ന ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല. ഒഴിയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന കടമ്പകൾ
# പൊളിക്കേണ്ടത് 13 മുതൽ 16 നിലവരെയുള്ള ഫ്ളാറ്റുകൾ.
# അഞ്ഞൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കണം.
# ഒഴിപ്പിക്കലിലെ ക്രമസമാധാന പ്രശ്നം.
# പരിസ്ഥിതിക്ക് ദോഷകരമാകരുത്.
# അവശിഷ്ടങ്ങൾ തള്ളാൻ സ്ഥലം വേണം.
# വിദഗ്ദ്ധരുടെ മേൽനോട്ടം വേണം.