കൊച്ചി : മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനുമായ എസ്. വൈദ്യനാഥന്റെ വീട്ടിലെ സെക്യൂരിറ്റി ജീവക്കാരനായ എരൂർ മഠത്തിച്ചിറ ബോസിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒന്നാം പ്രതി തമിഴ്നാട് കടലൂർ സ്വദേശി സഭാപതി, മൂന്നാം പ്രതി ശേഖർ, അഞ്ചാംപ്രതി ശെൽവം എന്നിവർക്ക് അഡി. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. ശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. രണ്ടാം പ്രതി രാജ, നാലാം പ്രതി തങ്കമണി എന്നിവരെ കോടതി വെറുതെവിട്ടതു ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലും തള്ളി.
2012 ഒക്ടോബർ 29 നാണ് മരട് ശങ്കർനഗർ ഹൗസിംഗ് കോളനിയിൽ മോഷണത്തിനെത്തിയ പ്രതികൾ ബോസിനെ കൈകാലുകൾ കെട്ടിയിട്ടശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ വിരലടയാളം കണ്ടെത്തിയതും ഒന്നാം പ്രതിയുടെ മൊഴിയനുസരിച്ച് മോഷണ മുതലായ ആഭരണം കണ്ടെടുത്തതും വിലയിരുത്തിയാണ് ഇൗ പ്രതികളുടെ ശിക്ഷ ശരിവച്ചത്.