കോർപ്പറേഷൻ , ജി.സി.ഡി.എ സെക്രട്ടറിമാർക്ക് നോട്ടീസ്
തൃക്കാക്കര : ജില്ലയിലെ റോഡുകളുടെ ദയനീയസ്ഥിതി പരിഹരിക്കാൻ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ അടിസ്ഥാനത്തിലുളള കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.സി.ഡി.എ സെക്രട്ടറി എന്നിവർക്ക് കളക്ടർ നോട്ടീസ് നൽകി
ബുധനാഴ്ച വൈകിട്ട് നടന്ന യോഗത്തിലെ തീരുമാനപ്രകാരം അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 133 വകുപ്പ് പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ നോട്ടീസ് നൽകിയത് .
കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര ഫെറി (പണ്ഡിറ്റ് കറുപ്പൻ ) റോഡ്, പുന്നുരുന്നി ചളിക്കവട്ടം റോഡ്, പുന്നുരുന്നി (ടെമ്പിൾ) റോഡ് എന്നിവയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥരെന്ന നിലയിലാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും, ജി.സി.ഡി.എ സെക്രട്ടറിക്കും നോട്ടീസ് നൽകിയത്.
ഏഴ് ദിവസത്തിനകം റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ സിആർപിസി 141 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് നോട്ടീസ്. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം തുടർനടപടികളിലേക്ക് കടക്കും. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർ സെപ്തംബർ 11ന് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം.
റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ബുധനാഴ്ച്ച വൈകിട്ട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ നിർമാണം ആരംഭിക്കാനും തീരുമാനമായി.
കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുളളത്. ബന്ധപ്പെട്ട വകുപ്പുകൾ ഈ റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, എൻഎച്ച്, കൊച്ചി കോർപ്പറേഷൻ, എൻഎച്ച് 66, എൻഎച്ച് 85, കൊച്ചി മെട്രോ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കൊച്ചിൻ റിഫൈനറീസ് ലിമിറ്റഡ്, എൻഎച്ച്എഐ എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കേണ്ടത്.
അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ച റോഡുകൾ
കലൂർപാലാരിവട്ടം റോഡ് (കലൂർ ട്രാക്ക്), കലൂർപാലാരിവട്ടം റോഡ് (ആലുവ ട്രാക്ക്), കലൂർകതൃക്കടവ് റോഡ്, കാരണക്കോടംകതൃക്കടവ് , തമ്മനം റോഡ്, പാലാരിവട്ടം ബൈപ്പാസ് ജംക്ഷൻ റോഡ്, കാക്കനാട്പാലാരിവട്ടം റോഡ്, ഇടപ്പള്ളിചേരാനെല്ലൂർ റോഡ്, ഇടപ്പള്ളികളമശേരി റോഡ്, വൈറ്റിലകുണ്ടന്നൂർ റോഡ്, വൈറ്റിലപൊന്നുരുന്നി റോഡ്, കട്ടക്കാര റോഡ്, കതൃക്കടവ് പൊന്നുരുന്നി റോഡ്, പുല്ലേപ്പടി റോഡ്, കലൂർപൊറ്റക്കുഴി റോഡ്, അരൂർവൈറ്റില റോഡ്, മരട്കുണ്ടന്നൂർ റോഡ്, മരട്‌പേട്ട റോഡ്, ചമ്പക്കരപേട്ട റോഡ്, കെആർഎൽ റോഡ്, സീപോർട്ട്എയർ പോർട്ട് റോഡ്, കരിങ്ങാച്ചിറതിരുവാങ്കുളം റോഡ്, കരിങ്ങാച്ചിറചോറ്റാനിക്കര റോഡ്, മിനി ബൈപ്പാസ് റോഡ്, വൈക്കംപൂത്തോട്ട റോഡ്, എറണാകുളംവൈപ്പിൻ റോഡ്, ബോൾഗാട്ടിഎറണാകുളം റോഡ്, പണ്ഡിറ്റ് കറുപ്പൻ റോഡ്, തേവരവെണ്ടുരുത്തി റോഡ്, വളഞ്ഞമ്പലംരവിപുരം റോഡ്, കെഎസ്ആർടിസികതൃക്കടവ് റോഡ്, ജിസിഡിഎ ഗാന്ധിനഗർ റോഡ്, കെ.കെ. റോഡ് കുമാരനാശാൻ ജംഗ്ഷൻ, ഓൾഡ് തേവര ഫോർഷോർ റോഡ്, ഇടക്കൊച്ചിപാമ്പായിമൂല റോഡ്
ഉദ്യോഗസ്ഥർക്ക് കളക്ടറുടെ കുറ്റപത്രം
പൊതുജനത്തിന്റെ സുഗമമായ ഗതാഗതത്തിനും സഞ്ചാരത്തിനും തടസം സൃഷ്ടിച്ചു
, ഗുരുതരമായ അപകടങ്ങൾക്ക് കാരണമായി
പൊതുജനസുരക്ഷയ്ക്ക് ഭംഗം
ജീവന് ഭീഷണിയാകൽ