കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ''ഓണ സമൃദ്ധി ' കാർഷിക വിപണി ഇന്ന് മുതൽ പത്താം തീയതി വരെ നടക്കും. വിഷ രഹിത നാടൻ പഴം, പച്ചക്കറികൾ വിപണനം നടത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വിപണി ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ കർഷർക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന സംഭരണവിലയിലും പത്ത് ശതമാനം അധിക വില നല്കി സംഭരിക്കും വിപണി വിലയിൽ നിന്നും മുപ്പത് ശതമാനം വരെ കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് വില്പന നടത്തും.കൂടാതെ ഹോർട്ടി കോർപ്പ് ഇടുക്കി, വട്ടവടയിൽ നിന്ന് സംഭരിക്കുന്ന ശീതകാല പച്ചക്കറി വിളകളും മേളയിൽ വില്പന നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.