പള്ളുരുത്തി: ഇടക്കൊച്ചിയിൽ തടി കയറ്റിവന്ന മിനിലോറി മറിഞ്ഞു. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണങ്ങാട്ട് പാലത്തിന്റെ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്.ചേർത്തലയിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ലോറി. പാലം കലുങ്കിനോട് ചേർന്നുള്ള റോഡിൽ കയറി ഇറങ്ങവേയാണ് സംഭവം. കലുങ്കിനോടുള്ള റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതും അപകടത്തിന് കാരണമായി. കുണ്ടന്നൂരിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ അരൂരിൽ നിന്ന് വാഹനങ്ങൾ ഇടക്കൊച്ചി വഴിയാണ് സർവീസ് നടത്തുന്നത്. മറിഞ്ഞ വാഹനത്തിലെ തടികൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.പൊലീസും സ്ഥലത്തെത്തി. ചേർത്തല സ്വദേശി അജിയുടേതാണ് മറിഞ്ഞ ലോറി.സമീപത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.