കൊച്ചി: സദ്യവട്ടം ഒരുക്കാനുള്ള പച്ചക്കറികളുമായി വിപണി സജീവമായി. നഗരത്തിലെ സ്ഥാപനങ്ങൾ ഓണാഘോഷം ആരംഭിച്ചതോടെ എറണാകുളം മാർക്കറ്റിൽ ഈയാഴ്ച കേറ്ററിംഗുകാരുടെയും ഹോട്ടലുകാരുടെയും തിരക്കായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കും. ഞായറാഴ്ച പൊതുവേ അവധിയാണെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്ത് നാളെമാർക്കറ്റ് തുറന്നുപ്രവർത്തിക്കും. ബീൻസ്, വെളുത്തുള്ളി ,ചെറുനാരങ്ങ തുടങ്ങി ചുരുക്കം ചില ഇനങ്ങൾ ഒഴിവാക്കിയാൽ പച്ചക്കറിക്ക് താരതമ്യേന വിലക്കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.
# ചേന സുലഭം
വയനാട്ടിൽ നിന്നുള്ള നേന്ത്രക്കായകളായിരുന്നു മുൻപ് ഓണവിപണി അടക്കിവാണിരുന്നത്.എന്നാൽ ഇത്തവണ പ്രകൃതി ചതിച്ചതിനാൽ മേട്ടുപാളയത്തെ കായ കൊണ്ട് തൃപ്‌തിപ്പെടേണ്ട സ്ഥിതിവന്നു. ഉപ്പേരിക്കും ശർക്കവരട്ടിക്കും വേണ്ടി വിളഞ്ഞ നേന്ത്രക്കായ വിറ്റഴിയുന്നതിനാൽ മാർക്കറ്റിൽ അത്ര നല്ല കായ ലഭ്യമല്ലെന്ന് പരാതിയുണ്ട്. നാടൻ പച്ചക്കറിയാവട്ടെ ചേനയിൽ ഒതുങ്ങി. സീസണായതിനാൽ ഇനി രണ്ടു മാസം രുചികരമായ നാടൻചേന ഇഷ്ടം പോലെ കഴിക്കാം. ഓണദിവസങ്ങളിൽ 50 രൂപയ്ക്ക് മാർക്കറ്റിൽ സാമ്പാർ കിറ്റ് ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
ഓണക്കാലത്ത് പലതരം പച്ചക്കറികൾ വാങ്ങിക്കൂട്ടുന്നതിന് പകരം വിലക്കുറവ് നോക്കി ഏതാനും സാധനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
# ഇല റെഡി
ഓണസദ്യ വിളമ്പാനുള്ള ഇല തമിഴ്നാട്ടുകാർ പ്രത്യേകം കൃഷി ചെയ്യും. നല്ല മിനുമിനുപ്പുള്ള ഈ ഇലയ്ക്ക് തത്ത പച്ച നിറമാണ്. സാധാരണ ദിവസങ്ങളിൽ എറണാകുളം മാർക്കറ്റിൽ മൂന്ന് കടകളിലേക്കായി നൂറ് കെട്ട് ഇലയാണെത്തുന്നത്. ഒരു കെട്ടിൽ 250 ഇലയുണ്ടാവും. 1000 രൂപയാണ് വില. ഒാണം പ്രമാണിച്ച് പത്ത് ഇലകളുള്ള ഒരു കെട്ട് കടയിൽ നിന്ന് വാങ്ങാം. 50 രൂപയാണ് വില. കോയമ്പത്തൂർ, സത്യമംഗലം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്ന് ലോഡ് എത്തുമെങ്കിലും പുളിയൻപെട്ടിയിൽ നിന്നുള്ള ഇലയാണ് ഏറ്റവും വിശേഷപ്പെട്ടത്. ഓരോ കടയിലും കുറഞ്ഞത് നൂറ് ഇലക്കെട്ടുകൾ വീതം ശേഖരിക്കാനാണ് കച്ചവടക്കാരുടെ തീരുമാനം.
# വിലവിവര പട്ടിക പ്രദർശിപ്പിക്കും
പെട്ടെന്ന് ചീഞ്ഞു പോകാത്ത ഉരുളക്കിഴങ്ങ്, കാബേജ്, ഉള്ളി,സവാള തുടങ്ങിയ ഇനങ്ങൾ നാളെ എത്തിക്കണമെന്ന് തമിഴ്നാട്ടിലെ ഏജന്റുമാർക്ക് നിർദേശം നൽകാൻ ഇന്നലെ ചേർന്ന മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. എല്ലാ കടകളിലും വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കും. ത്രാസ് സീൽ വച്ചതായിരിക്കണമെന്ന് നിർബന്ധമുണ്ട്. സാധാരണ 15 ലോഡ് പച്ചക്കറിയാണ് മാർക്കറ്റിലെത്തുന്നത്.ഓണം പ്രമാണിച്ച് ഇത് 30 ലോഡാകും.
കഴിഞ്ഞ വർഷത്തെ ഓണം പ്രളയത്തിൽ മുങ്ങി. ഇത്തവണ മുൻ വർഷങ്ങളെക്കാൾ അധികമായി 30 ശതമാനത്തിന്റെ കച്ചവടം പ്രതീക്ഷിക്കുന്നു.
കെ.കെ.അഷ്റഫ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി
കഴിഞ്ഞ മാസത്തെ കാറ്റിലും മഴയിലും ജില്ലയിലെ കൃഷിവിളകൾനശിച്ചു
തമിഴ്നാട്ടിലെ പച്ചക്കറികൾ ഓണവിപണിയിലെ താരം.