ആലുവ: ഐ.എസ്.ആർ.ഒ പേങ്ങാട്ടുശേരി റോഡ് ശോച്യാവസ്ഥയതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിൽ. ദിവസേന നിരവധി സ്‌കൂൾ ബസുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ചരക്കു വാഹനങ്ങൾ തുടങ്ങിയവ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
പേങ്ങാട്ടുശേരി ജുമാ മസ്ജിദ്, അൽഹിന്ദ് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ റോഡിലാണ് പ്രവർത്തിക്കുന്നത്. ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അവിടേക്കുള്ള വാഹനങ്ങളും ഈ റോഡിലൂടെയാണ് പോകുന്നത്. കിഴക്കമ്പലം, പുക്കാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നൊക്കെ രാജഗിരി ആശുപത്രിയിലേക്ക് ആംബുലൻസുകളും നിരവധി രോഗികളും ഈ റോഡിലൂടെയാണ് വരുന്നത്. ഈ റോഡ് കാലങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടർന്ന് കുറച്ചു സ്ഥലങ്ങളിൽ കട്ട വിരിച്ചു. ഇപ്പോൾ ഈ റോഡ് വീണ്ടും തകർന്നു.
ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കുപോലും സഞ്ചരിക്കാൻ വളരെ പ്രയാസമാണ്. ഈ റോഡ് പൂർണമായും പണിത് സഞ്ചാര യോഗ്യമാക്കണമെന്ന് പൊതുപ്രവർത്തകൻ മുഹമ്മദാലി പേങ്ങാട്ടുശേരി ആവശ്യപ്പെട്ടു.