ആലുവ: ഓണം ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരും കൺസ്യൂമർഫെഡും ചേർന്ന് നടത്തുന്ന 'സഹകരണ ഓണം വിപണന മേള 2019' ആലുവ ദേശാഭിവർദ്ധിനി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം.സഹീർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ എം.എം. അബ്ബാസ്, സുവിതാ ബിനോയ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എൻ. ദാസപ്പൻ സ്വാഗതവും ഷാജഹാൻ വില്ലാത്ത് നന്ദിയും പറഞ്ഞു.
കീഴ്മാട് സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച സഹകരണ ഓണം വിപണി ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള ഉദ്ഘാടനം ചെയ്തു.
കീഴ്മാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച്ച വരെ ഓണച്ചന്ത സംഘടിപ്പിക്കും. കുട്ടമശേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴ്മാട് ബ്രാഞ്ചിൽ നടത്തുന്ന ഓണച്ചന്തയിലേക്ക് കർഷകരിൽ നിന്നും പച്ചക്കറി ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ കൂടിയ വിലയിൽ കൃഷിഭവൻ സംഭരിക്കും. ഉത്പന്നങ്ങൾ നൽകാൻ താത്പര്യമുള്ളവർ അധികൃതരുമായി ബന്ധപ്പെടണം. ഫോൺ: 9496744265.
ഗവ.സർവന്റ്സ് സഹകരണസംഘം സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ വി. സലിം നിർവഹിച്ചു. അസി. രജിസ്ട്രാർ സി.എക്‌സ്. ഗീത ആദ്യവില്പന നടത്തി. സംഘം പ്രസിഡന്റ് വി.ആർ. ദേവലാൽ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കമാൽ, പി.കെ. ഷിജുമോൻ, പി.വി. അജിതകുമാർ എന്നിവർ സംസാരിച്ചു.
ആലുവ നഗരസഭ ആറാം വാർഡ് സഭയിൽ ഓണസമ്മാനമായി കൗൺസിലർ ജെറാം മൈക്കിൾ തുണിസഞ്ചി വിതരണം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം തുണി സഞ്ചികളുടെ വിതരണോദ്ഘാടനം നടത്തി. വാർഡിലെ മുഴുവൻ വീടുകളിലും തുണിസഞ്ചികൾ വിതരണം ചെയ്യുമെന്നും ആറാം വാർഡിനെ സമ്പൂർണ പ്ലാസ്റ്റിക്ക് രഹിത മേഖലയായി മാറ്റുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ കൗൺസിലർ പറഞ്ഞു.