തോപ്പുംപടി: വർഷങ്ങളായി ഓണത്തിന് സർക്കാർ റേഷൻ കട വഴി നൽകിയിരുന്ന ഒരു കിലോ പഞ്ചസാര ഈ വർഷം മുതൽ നിർത്തലാക്കിയതിനെ തുടർന്ന് സാധാരണക്കാർ ദുരിതത്തിലായി. ഓണം പടിവാതിൽക്കൽ എത്തിയിട്ടും റേഷൻ കടകളിൽ ഇനിയും സാധനങ്ങൾ എത്തിയിട്ടില്ല. ഓണം പ്രമാണിച്ച് കാർഡുകാർക്ക് വാരിക്കോരി റേഷൻ കടകൾ വഴി ഭക്ഷ്യസാധനങ്ങൾ നൽകുന്നുവെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന സർക്കാർ ഇത്തവണ പ്രളയത്തിന്റെ പേരും പറഞ്ഞാണ് പലതും ഒഴിവാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ഏക ആശ്രയമാണ് റേഷൻ കടകൾ. ഇവിടെ അരി ഇല്ലാത്തതു മൂലം പുറത്ത് കടയിൽ നിന്ന് കിലോക്ക് 40 രൂപ നിരക്കിലാണ് സാധാരണക്കാർ അരി വാങ്ങുന്നത് ഇത് ഇവരുടെ കുടുംബ ബഡ്ജറ്റ് തകിടം മറിക്കും.തമ്പ് സിസ്റ്റം വന്നതിനെ തുടർന്നും ബിൽ കൊടുക്കാതെ സാധനങ്ങൾ അമിത വിലക്ക് നൽകിയതിനെ തുടർന്ന് പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷനിലെ രണ്ട് റേഷൻ കടകൾ അധികൃതർ എത്തി സീൽ ചെയത് പൂട്ടിച്ചിരുന്നു. ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.ഞായർ ഉൾപ്പടെയുള്ള ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് അധികാരികൾ നിർദേശിക്കുമ്പോഴും കടയിൽ സാധനങ്ങൾ ഇല്ലാതെ എന്തിനാണ് കടയിൽ വെറുതെ കുത്തിയിരിക്കുന്നത് എന്ന റേഷൻ കടക്കാരുടെ ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് കാർഡ് ഉടമകൾ.
#സാധനങ്ങൾ എത്തിയിട്ടില്ല
കഴിഞ്ഞ ദിവസങ്ങളിൽ കാർഡുടമകൾ റേഷൻ കടകളിൽ വന്ന് മടങ്ങി പോകുന്ന കാഴ്ചയാണ് കണ്ടത്. പച്ചരി ഇനിയും പല കടകളിൽ എത്തിയിട്ടില്ല. മണ്ണെണ്ണയാണെങ്കിൽ എൻ.പി.എൻ.എസ് കാർഡുകാർക്ക് മാത്രമേ നൽകുന്നുള്ളൂ. ആട്ടപൊടിയും എത്തിയിട്ടില്ല. റേഷൻ കടകൾ വഴി നൽകുന്ന വെള്ള അരി ഇനിയും എത്തിയിട്ടില്ല.പകരം കുത്തരിയാണ് നൽകുന്നത്.