കൊച്ചി: ഓണാഘോഷം കൊഴുപ്പിക്കാൻ നഗരത്തിലേയ്ക്ക് എത്തിയവരും തിരക്കേറിയ റോഡിലെ അറ്റകുറ്റപ്പണിയും അരൂർ - ഇടപ്പള്ളി ദേശീയപാത ബൈപ്പാസിൽ വൈറ്റിലയ്ക്കും കുണ്ടന്നൂരിനുമിടയിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. മണിക്കൂറുകൾ കുരുക്കിൽപ്പെട്ട് ഒച്ചിഴയും പോലെയാണ് വാഹനങ്ങൾ നീങ്ങിയത്. ഇന്നലെ ആയിരങ്ങൾ കുരുക്കിൽപ്പെട്ട് വലഞ്ഞു. മൂന്നു മണിക്കൂറോളം സ്തംഭിച്ച ഗതാഗതം സാധാരണ ഗതിയിലേക്കായത് വൈകിട്ടോടെയാണ്.
ഓണാവധി ആരംഭിച്ചതോടെ ഇരട്ടിയിലേറെ വാഹനങ്ങളാണ് പൊതുവെ തിരക്കേറിയ ബൈപ്പാസിലൂടെ കടന്നുപോകുന്നത്.ബൈപ്പാസിലെ കുരുക്ക് മറ്റു റോഡുകളിലേയ്ക്കും വ്യാപിച്ചു. കുണ്ടന്നൂർ - മരട് - തൃപ്പൂണിത്തുറ, കുണ്ടന്നൂർ - വില്ലിംഗ്ടൺ ഐലൻഡ്, തൈക്കൂടം -കടവന്ത്ര തുടങ്ങിയ സമീപത്തെ റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ കുടുങ്ങി.വൈറ്റില ഫ്ളൈ ഓവർ നിർമ്മാണത്തിനായി ഗതാഗതം നിയന്ത്രിച്ചതിനൊപ്പം റോഡിന്റെ തകർച്ച കൂടിയായപ്പോൾ ഇതുവഴിയുള്ള യാത്ര ആളുകളെ നട്ടം തിരിച്ചിരുന്നു. നഗരത്തിൽ പഠനത്തിനും ജോലിക്കുമായി നിത്യവും യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടപ്പള്ളിയിൽ നിന്നും കുണ്ടന്നൂരിൽ നിന്നും 15 മിനിട്ട് മാത്രം യാത്രയുള്ള വൈറ്റിലയിലെത്താൻ ഒന്നരമണിക്കൂർ വരെ യാത്ര ചെയ്യേണ്ട ഗതികേടിലായിരുന്നു അവർ.
റോഡ് പണി പാരയായി
ജില്ലാ കളക്ടറുടെ അന്ത്യശാസനം കേട്ട് റോഡ് കുഴിയടയ്ക്കാൻ പൊതുമരാമത്ത് അധികൃതർ തുനിഞ്ഞിറങ്ങിയതാണ് യാത്രക്കാരെ കുരുക്കിയത്. വൈറ്റില ഫ്ളൈ ഓവർ പണിയെ തുടർന്ന് കുണ്ടന്നൂർ ജംഗ്ഷനിലെ റോഡുകൾ പാടെ തകർന്നിരുന്നു. ദുരിത പൂർണമായ യാത്രയ്ക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ കളക്ടർ ഇടപെട്ടു. കുഴികൾ അടച്ച് പ്രശ്നപരിഹാരം കാണണമെന്ന് കളക്ടർ കഴിഞ്ഞ ദിവസം കർശനമായി നിർദ്ദേശിച്ചു. രണ്ട് ദിവസത്തിനകം റോഡെല്ലാം ശരിയാക്കാമെന്ന് അധികൃതർ കളക്ടർക്ക് ഉറപ്പ് നൽകി. വാക്ക് പാലിക്കാൻ രണ്ടു ദിവസമായി രാത്രിയിൽ കോൺക്രീറ്റ് കട്ടവിരിക്കൽ തകൃതിയായിരുന്നു. വെള്ളിയാഴ്ച തിരക്കേറിയ പകൽസമയത്തും കട്ടവിരിക്കൽ തുടർന്നതാണ് ഗതാഗതത്തിന് തടസമായത്.
ഒടുവിൽ കുഴി അടയ്ക്കാൻ അസിസ്റ്റന്റ് കമ്മിഷണറും
രാവിലെ ചെറിയ തോതിൽ നിരങ്ങിക്കൊണ്ടിരുന്ന വാഹനങ്ങൾ ഏറെ താമസിയാതെ പൂർണമായും സ്തംഭിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ദീർഘനേരത്തെ ശ്രമത്തിലൂടെ പൊലീസ് ഇടപെട്ടാണ് കുരുക്കഴിച്ചത്. കുഴി അടയ്ക്കാൻ അസിസ്റ്റന്റ് കമ്മിഷണറടക്കം കൂടി. അശാസ്ത്രീയമായ രീതിയിലുണ്ടായിരുന്ന ഒരു "യു ടേൺ" അടയ്ക്കുന്നത് അടക്കമുള്ള ജോലികൾ പൊലീസ് ചെയ്തു. ഇതോടെ വാഹനങ്ങൾക്ക് യാത്ര സാദ്ധ്യമായി.