flood
ഉംറ യാത്രയ്ക്കായി അബ്ദുറഹ്മാൻ മുല്ല വർഷങ്ങളായി കരുതിവച്ച നാണയത്തുട്ടുകൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു.

ആലുവ: ഉംറ യാത്രയ്ക്കായി അബ്ദുറഹ്മാൻ മുല്ല വർഷങ്ങളായി കരുതിവച്ച നാണയത്തുട്ടുകൾ ഇനി പ്രളയ ബാധിതർക്ക്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അബ്ദുറഹ്മാൻ മുല്ല തന്റെ നാണയശേഖരം കൈമാറിയത്.

എടയപ്പുറം ജുമാമസ്ജിദിലെ മുഅദ്ദീനായ കെ.കെ. അബ്ദുറഹ്മാൻ മുല്ല നിത്യജീവിതത്തിൽ മിച്ചം വച്ച നാണയത്തുട്ടുകൾ ശേഖരിച്ചാണ് ഉംറ യാത്രക്കായി ഒരുങ്ങിയിയത്. എന്നാൽ തുടർച്ചയായ രണ്ടാം വർഷവും പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് സഹായമായി കുടുക്ക നൽകാൻ തീരുമാനിച്ചത്. ദുരിതം അനുഭവിച്ച കുടുംബത്തെ സഹായിച്ചതിലൂടെ ഈ വർഷത്തെ ഹജ്ജിന്റെ പൂർണ പ്രതിഫലം ലഭിച്ചെന്ന സന്തോഷത്തിലാണ് മുല്ല .

37 വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ ജോലിക്കിടയിൽ മുല്ല ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്‌യുദ്ദീൻ ഹുദവിയും പരിപാലന സമിതി സെക്രട്ടറി ടി.എസ് മൂസ ഹാജിയും ചേർന്ന് അദ്ദേഹത്തിൽനിന്നും തുക ഏറ്റുവാങ്ങി. കെ.എം ബഷീർ ഫൈസി, കെ.കെ അബ്ദുൽ സലാം, അബ്ബാസ് അൻവരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.