മൂവാറ്റുപുഴ: ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പും ബത്തയും പൂർണമായി നൽകാൻ തുറവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ഹെെക്കോടതി നിർദ്ദേശിച്ചു. കിടങ്ങൂർ അൽഫോൻസ സഭയിലെ കുട്ടികളുടെ രക്ഷിതാക്കൾ കൊടുത്ത ഹർജിയിലാണ് വിധി. സർക്കാർ നിർദ്ദേശമനുസരിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു വർഷം നൽകേണ്ടത് 28500 രൂപയാണ്.ഇതി​ൽ 7125രൂപ വീതം ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളും ബാക്കി തുക ഗ്രാമ പഞ്ചായത്തുകളും വഹിക്കണം. നഗരസഭയും , കോർപ്പറേഷനും ഇൗ തുക പൂർണ്ണമായുംസ്വന്തം ഫണ്ടിൽ നിന്നും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കുട്ടികൾക്ക് നൽകണം. തദ്ദേശ സ്വയംഭരണ വകുപ്പ് 2018 ആഗസ്റ്റ് 16ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഉത്തരവ് നൽകിയിരുന്നു. 2016-ൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പും ബത്തയും നൽകുന്നകാര്യം ഉറപ്പുവരുത്തണമെന്നും പറഞ്ഞിരുന്നു.എന്നാൽ ഇൗ കാര്യങ്ങൾ നടപ്പാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറായില്ലെന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘടനയായ പരിവാറിന്റെ കോ- ഓർഡിനേറ്റർ പ്രൊഫ. ജോസ് അഗസ്റ്റിൻ അറിയിച്ചു.