maharajas

കൊച്ചി: ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ വനിതാ സംരംഭകരുടെ ഭക്ഷണശാല അടിച്ച് തകർത്തു. എറണാകുളം നോർത്ത് എസ്.ആർ.എം റോഡിലെ 'കൊതിയൻസ് ' എന്ന ഭക്ഷണ ശാലയാണ് ഇന്നലെ ഉച്ചയോടെ നാല്പതോളം പേർ വരുന്ന വിദ്യാർത്ഥി സംഘം തകർത്തത്. കാഷ് കൗണ്ടറിൽ നിന്ന് ഇരുപതിനായിരത്തോളം രൂപയും മോഷ്ടിച്ചതായി പറയുന്നു. പൊലീസ് കേസെടുക്കും മുമ്പേ പരാതി പിൻവലിച്ചെങ്കിലും പാത്രങ്ങൾ തിരിച്ചെടുക്കാൻ പോയ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും പരാതി കൊടുക്കാനിരിക്കുകയാണ് ഹോട്ടൽ നടത്തിപ്പുകാർ.

സംഭവം ഇങ്ങനെ: ആലപ്പുഴക്കാരായ അഞ്ചോളം വനിതാ സംരംഭകർ ചേർന്ന് ആരംഭിച്ചതാണ് ഭക്ഷണശാല. മഹാരാജാസിലെ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ ഡിപ്പാർട്ട്‌മെന്റിലേക്കായി 530 പേർക്ക് ഭക്ഷണം ഓർഡർ ചെയ്യുകയും അവ പന്ത്രണ്ടരയോടെ ഹോട്ടലിൽ നിന്ന് കോളേജിൽ എത്തിക്കുകയും ചെയ്തു. എന്നാൽ രണ്ടുമണിയോടെ കടയിലെത്തി ഭക്ഷണം തികഞ്ഞില്ലെന്ന് പറ‍ഞ്ഞ് തർക്കമായി. കടയുടെ ഗ്ലാസുകളും ബോർഡുകളും ഭക്ഷണസാധനങ്ങളും പാത്രങ്ങളും സോഡാക്കുപ്പിയുൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞുതകർത്തു. കാഷ് കൗണ്ടർ തകർത്ത് ഇരുപതിനായിരം രൂപയോളം ഉണ്ടായിരുന്നത് എടുത്തു കൊണ്ട് പോയെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. എസ്.എഫ്.ഐക്കാരാണ്. ഞങ്ങളെന്തും ചെയ്യും എന്ന് പറഞ്ഞായിരുന്നു ആക്രമണം. പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. അതിനിടെ ഹോട്ടൽ അസോസിയേഷനുകൾ ഇടപെട്ട് നഷ്ടപരിഹാരം നൽകാമെന്ന് ധാരണയെത്തിയതിനാൽ പരാതി നൽകാതെ തിരികെപ്പോയി. രാത്രി പാത്രങ്ങൾ തിരികെയെടുക്കാനായി ചെന്നെങ്കിലും വിട്ടുനൽകിയില്ലെന്നും ഓട്ടോ തൊഴിലാളികളെ ആക്രമിക്കാനായി ചെന്നുവെന്നും വാഹനം അടിച്ചുതകർക്കാൻ ശ്രമിച്ചുവെന്നും ജീവനക്കാർ പറയുന്നു.

അതേസമയം​ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും രാത്രി കോളേജിൽ നടന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നോർത്ത് പൊലീസ് എസ്.ഐ കേരളകൗമുദിയോട് പറഞ്ഞു.