കൊച്ചി: ഓണാവധി കണക്കിലെടുത്ത് പരിശോധന ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. സ്കൂൾ വിദ്യാർത്ഥികളടക്കം പ്രായപൂർത്തിയാകാത്തവരുടെയും ലൈസൻസ് ഇല്ലാത്തവരുടെയും വാഹന ഉപയോഗം പിടികൂടുന്നതിന് പ്രാധാന്യം നൽകിയാണ് എൻഫോഴ്സ്മെൻറ് സ്ക്വാഡുകളുടെ പ്രവർത്തനം.
ജില്ലയിൽ നാല് സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, എറണാകുളം, ആലുവ, പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ എറണാകുളം ആർ.ടി ഓഫീസിനു കീഴിലെ രണ്ട് സ്ക്വാഡുകൾ പരിശോധന നടത്തും. മൂവാറ്റുപുഴ ആർ.ടി.ഒ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ എന്നിവയ്ക്ക് കീഴിലെ ഓരോ സ്ക്വാഡുകൾ വീതവും വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തും.
കോളേജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പ്രത്യേക പരിശോധനകൾ നടന്നുവരുന്നു. ഓണാവധിക്കുശേഷം കോളേജുകൾ കേന്ദ്രീകരിച്ച് ക്യാമ്പസ് ഫ്രണ്ട്‌ലി ബോധവത്ക്കരണ പരിപാടികളും മോട്ടോർ വാഹനവകുപ്പ് നടത്തും. തിരുവോണനാളിൽ ഉൾപ്പെടെ 24 മണിക്കൂറും സ്ക്വാഡുകളുടെ സാന്നിദ്ധ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. പുതി​യ മോട്ടോർ വാഹന നിയമപ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത്.