വൈപ്പിൻ: വൈപ്പിനിലെ ജനങ്ങൾ ഗോശ്രീ പാലം വഴി യാത്ര ചെയ്യുമ്പോൾ കണ്ടെയ്‌നർ ലോറികളുടെ കുരുക്കിൽപെട്ട് മണിക്കൂറുകളോളം യാത്രാ തടസം നേരിടുന്നത് പതിവാണ്.അറ്റകുറ്റപ്പണിക്കായി രണ്ട് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന വല്ലാർപാടം ഫ്ലൈ ഓവറിന്റെ പണി വേഗതയിൽ ആക്കണമെന്നും പാലം പണി തീരുന്നതുവരെ തിരക്കുള്ള സമയങ്ങളിൽ കണ്ടെയ്‌നർ ലോറികളെ സർവീസ് നടത്തുവാൻ അനുവദിക്കരുതെന്നും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു.
ഗോശ്രീ പാലത്തിലൂടെ കണ്ടെയ്‌നർ ലോറികൾ സഞ്ചരിക്കുന്നതുമൂലം ഈ റൂട്ടിൽ ഉണ്ടാകാവുന്ന വൈപ്പിൻ നിവാസികളുടെ ഗതാഗത തടസത്തിന് പരിഹാരം കാണുന്നതിനാണ് വല്ലാർപാടം ഫ്ലൈ ഓവർ തുറന്നത്. എന്നാൽ എട്ട് മാസത്തിന് മുൻപ് ഗതാഗതത്തിനായി തുറന്ന വല്ലാർപാടം ഫ്ലൈ ഓവർ അപ്രോച്ച് റോഡ് ഇടിഞ്ഞ് തകരാറിലായതുമൂലം രണ്ട് മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ഹൈക്കോർട്ട് വരെ നീളുന്ന ഗോശ്രീ പാലത്തിലുള്ള ഗതാഗത തടസ്സം നിയന്ത്രിക്കുന്നതിന് കണ്ടെയ്‌നർ ലോറികൾക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തണം.