thakkol
എടവനക്കാട് എച്ച്‌ഐഎച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സഹപാഠിക്കൊരുവീട് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര മനുശ്രീക്ക് കൈമാറുന്നു

വൈപ്പിൻ : എടവനക്കാട് ഹിദായത്തുൽ ഇസ്ളാം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി മനുശ്രീ റോയിക്ക് സഹപാഠികളുടെയും സുമനസുകളുടെയും സഹകരണത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം കൂട്ടുങ്ങൽചിറ എസ്‌.സി കമ്മ്യൂണിറ്റിഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര നിർവഹിച്ചു. സ്‌കൂൾ മാനേജർ എൻ.കെ. മുഹമ്മദ് അയൂബ് അദ്ധ്യക്ഷത വഹിച്ചു.
ജീവിതപരീക്ഷകളുടെ ദുരിതക്കയത്തിലാളുന്ന തങ്ങളുടെ കൂട്ടുകാരിക്ക് വീടൊരുക്കാൻ കഴിഞ്ഞവർഷം കുട്ടികളുടെ പാർലമെന്റാണ് തീരുമാനിച്ചത്. ചടങ്ങിൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും സിനിമാ രചയിതാവ്, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ ഉയർന്നുവരുന്ന ഡിനോയ് പൗലോസിന് ഉപഹാരം നൽകി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ. സാജിത്ത് സഹപാഠിക്കൊരു വീടിന്റെ തുടർവർഷ പ്രഖ്യാപനം നടത്തി. പ്രൊജക്ട് കോ ഓർഡിനേറ്റർ എം.എം. സഫുവാൻ, വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, കെ.കെ. ഹുസൈൻ, എം.കെ. മനാഫ്, അസീനസെലാം, പ്രിൻസിപ്പൽ കെ.ഐ. ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, റാണി രമേഷ്, കെ.ജെ. ആൽബി, പി.കെ. നടേശൻ, ഫാ. നിബിൻ, സുരേഷ് കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.