വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച രണ്ടുപേരിൽ ഒരാൾക്ക് 5 വർഷവും വൈസ് പ്രസിഡന്റ് പദവി നൽകുമ്പോൾ ശേഷിക്കുന്നയാളായ തനിക്ക് ഒരുവർഷം മാത്രം പ്രസിഡന്റ് പദവി എന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 23 വർഷമായി കോൺഗ്രസ് പ്രവർത്തകനായിരുന്ന തനിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ വാർഡിലെ പ്രവർത്തകരുടെ തീരുമാനമനുസരിച്ചാണ് താൻ മത്സരിച്ചത്. ഒരു വർഷം കഴിയുമ്പോൾ പ്രസിഡന്റ് പദവി ഒഴിയണമെന്ന് പാർട്ടിയിൽ ഒരു കരാറുമില്ല. ഏതാനും ചില വ്യക്തികളുടെ അഭിപ്രായം മാത്രമാണത്. ഓണം കഴിയുന്നതുവരെയെങ്കിലും പ്രസിഡന്റായി തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.