സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചിക്കായലിൽ അത്യാധുനിക ഗതാഗതസംവിധാനം ഒരുക്കുന്ന ജല മെട്രോ പദ്ധതിക്ക് ആവശ്യമായ ബോട്ടുകൾ കൊച്ചി കപ്പൽശാല നിർമ്മിക്കും. ആദ്യത്തെ ബോട്ട് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറും.
ബോട്ടുകൾ നിർമ്മിക്കാൻ കെ.എം.ആർ.എൽ വിളിച്ച ടെൻഡറിൽ പങ്കെടുത്ത കൊച്ചി കപ്പൽശാലയ്ക്ക് നിർമ്മാണച്ചുമതല നൽകുന്ന കത്ത് കൈമാറി. കെ.എം.ആർ.എൽ ഓഫീസിൽ നടന്ന ചടങ്ങിൽ കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷിൽ നിന്ന് കത്ത് സ്വീകരിച്ചു. പൊലീസ് ഐ.ജി. വിജയ് സാഖറെയും ചടങ്ങിൽ പങ്കെടുത്തു.
175.70 കോടി രൂപ കരാർ
23 ബോട്ടുകൾ
ജലമെട്രോ സർവീസിന് 23 ബോട്ടുകൾ കപ്പൽശാല നിർമ്മിക്കും. ഒരു ബോട്ടിൽ നൂറുപേർക്ക് സഞ്ചരിക്കാൻ ശേഷിയുണ്ടാകും. ശീതീകരിച്ച ബോട്ടുകളാണ് നിർമ്മിക്കുക. ഇരട്ട എൻജിനുള്ള കറ്റാമറൈൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാകും ബോട്ടുകൾ. അലുമിനിയം ഹൾ ഉപയോഗിക്കും.
ബാറ്ററിയിൽ ഓടും
ബാറ്ററിൽ പ്രവർത്തിക്കുന്ന മലിനീകരണം തീരെയില്ലാത്തതരം ബോട്ടുകളാണ് നിർമ്മിക്കുക. പത്തു നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. റഡാർ, തെർമൽ ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ബോട്ടിലുണ്ടാകും. രാത്രിയിലും കായലിലൂടെ സുഗമമായും സുരക്ഷിതമായും സഞ്ചരിക്കാൻ ഇവ ഉപയോഗിക്കും.
ടെർമിനലുകൾ അടുത്തവർഷം
ജലമെട്രോയുടെ പരമാവധി ടെർമിനലുകൾ അടുത്ത വർഷം പൂർത്തിയാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ മുൻനിര കപ്പൽശാലയായ കൊച്ചിയിൽ തന്നെ ബോട്ടുകൾ നിർമ്മിക്കുന്നതിൽ സന്തോഷമുണ്ട്.
എ.പി.എം. മുഹമ്മദ് ഹനീഷ്, മാനേജിംഗ് ഡയറക്ടർ കെ.എം.ആർ.എൽ
നഗരത്തെ മാറ്റിമറിയ്ക്കും
നഗരം മാറ്റിമറിയ്ക്കുന്ന കൊച്ചി മെട്രോയുടെ പദ്ധതികളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ഗതാഗതസംവിധാനം മാറ്റിമറിയ്ക്കുന്ന പദ്ധതികളാണിവ.
മധു എസ്. നായർ,സി.എം.ഡി കൊച്ചി കപ്പൽശാല