കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നു നടത്തുന്ന ഓണാഘോഷം - ലാവണ്യം 2019 ഇന്ന് വൈകിട്ട് ആറിന് എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ആറ് നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയാണിത്. ഫോർട്ടു കൊച്ചി, കുമ്പളങ്ങി, പള്ളുരുത്തി, മുനമ്പം ബീച്ച്, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, അരീക്കൽ, ഭൂതത്താൻകെട്ട്, നെടുംപാറ ചിറ എന്നീ പത്തു വേദികളിലാണ് ലാവണ്യം അരങ്ങേറുന്നത്. വിവിധ വേദികളിലായി 34 കലാപരിപാടികൾ അരങ്ങേറും. ഇന്ന് വൈകിട്ട് ദർബാർ ഹാൾ ഓപ്പൺ എയർ തീയറ്ററിലെ മുഖ്യ വേദിയിൽ വിവിധ കോളേജ് കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ, നടി ആശാ ശരത് അവതരിപ്പിക്കുന്ന ദേവഭൂമിക നൃത്തശില്പം, എന്നിവയും നാളെ വൈകിട്ട് ആറിന് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് അവതരിപ്പിക്കുന്ന പരിപാടികൾ, തുടർന്ന് ചൈത്രം എറണാകുളം അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി, വൈകിട്ട് 7.30 ന് ദേവരാജ സംഗീത സദസ് എന്നിവ നടക്കും. ഉത്രാട ദിനത്തിൽ ദേവൻ കക്കാടിന്റെ ചാക്യാർകൂത്ത്, തുടർന്ന് കൃതികയുടെ മ്യൂസിക് ബാൻഡ്, തുടർന്ന് ധ്വയ മെഗാ ഷോ എന്നിവ നടക്കും. തിരുവോണ ദിനത്തിൽ വൈകിട്ട് 6 ന് ഉഷയും സംഘവും അവതരിപ്പിക്കുന്ന പുള്ളുവൻ പാട്ട്, ഗൗരി ക്രിയേഷൻസിന്റെ ഫോക് ഫെസ്റ്റ്, സെപ്തംബർ 12 ന് ദിവ്യ ആൻഡ് ബിലീന അവതരിപ്പിക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം, തുടർന്ന് വള്ളുവനാടൻ കൃഷ്‌ണനിലയം അവതരിപ്പിക്കുന്ന നാടോടി മെഗാ മേള, ചതയദിനത്തിൽ വൈകിട്ട് ആറിന് പനയിൽ ഗോപാലകൃഷ്‌ണന്റെ വേലകളി, ചാനൽ ഹിസ്റ്റ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ നടക്കും.