കൊച്ചി കോർപ്പറേഷന് ഏഴ് കോടി​

കൊച്ചി: എറണാകുളം ജില്ലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി അടുത്തമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊച്ചി കോർപ്പറേഷനിലെ പി.ഡബ്ളിയു.ഡി റോഡുകളുടെ പുന:നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും വേണ്ടി ഏഴ് കോടി രൂപ സർക്കാർ കോർപ്പറേഷന് നൽകുമെന്നും പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നര കോടി രൂപ രണ്ടു ദിവസം മുമ്പ് കൈമാറി. എറണാകുളം, പശ്ചിമകൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ റോഡുകളാണ് അടിയന്തരമായി നന്നാക്കുന്നത്. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോചനീയാവസ്ഥയും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി വിവിധ പ്രദേശങ്ങളിലെ തകർന്ന റോഡുകൾ കാണാനെത്തിയത്.

# വാട്ടർ അതോറിറ്റിയുടെ

ചതി

പലഭാഗങ്ങളിലായി 15 കിലോമീറ്റർ റോഡാണ് തകർന്നിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിന് പൊളിച്ചതിനെ തുടർന്നുണ്ടായ തകർച്ചയാണ്. റോഡ്‌സ്, എൻ.എച്ച്, മെയിന്റനൻസ് എന്നിവയുടെ എട്ട് എൻജിനീയർമാരുടെ നേതൃത്വത്തിൽ ഈ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനമായതായി മന്ത്രി അറിയിച്ചു. മൂന്ന് ചീഫ് എൻജീനീയർമാർ, രണ്ട് സൂപ്രണ്ടിംഗ് എൻജിനീയർമാർ, മൂന്ന് എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മഴ മാറിയാലുടൻ പണികൾ പൂർത്തിയാക്കും. അതിനു മുമ്പുള്ള ടെൻഡർ നടപടികളിൽ മാത്രമാണ് ചെറിയതോതിൽ കാലതാമസം വരാനിടയുള്ളത്. ആകെയുള്ള റോഡുകളുടെ 18 ശതമാനമാണ് ഇപ്പോൾ തകർന്നിട്ടുള്ളത്. നിലവിൽ ഫ്ളൈഓവർ പണി നടക്കുന്ന കുണ്ടന്നൂരിൽ റോഡ് തകർന്നയിടങ്ങളിൽ ടൈൽ വിരിക്കുന്ന ജോലികൾ 70 ശതമാനം പൂർത്തിയായി . ഇതിന് പുറമേ ഈ പ്രദേശത്തെ നടപ്പാതകൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കുകയും ചെയ്യും. ഫ്ളൈഓവർ നിർമാണംമൂലമുള്ള ഗതാഗതക്കുരുക്കുകൾ മാത്രമാണ് പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിലുള്ളത്. ഈ പണികൾ മാർച്ച് മാസത്തോടെ പൂർത്തിയാകും. വൈറ്റില ഫ്ളൈഓവർ ഡിസംബറിൽ പൂർത്തിയാകുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ടെങ്കിലും മാർച്ച് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിൽ പി.ഡബ്ള്യു.ഡി യുടെ കീഴിലുള്ളത്: 53 കിലോ മീറ്റർ റോഡ്

അറ്റകുറ്റപ്പണി വേണ്ടത് : 30കി.മീ

തൃക്കാക്കര :104

അറ്റകുറ്റപ്പണി വേണ്ടത്: 32 കി.മീ

തൃപ്പൂണിത്തുറ: 96കി.മി

അറ്റകുറ്റപ്പണി വേണ്ടത്: 15 കി.മി

നാല് മണ്ഡലങ്ങളിലുമായി പി.ഡബ്ളു ഡിയുടെ 289 കിലോ മീറ്റർ റോഡാണുള്ളത്

ഇതിൽ 93 കിലോ.മീറ്ററിലാണ് അറ്റകുറ്റപ്പണി ആവശ്യം.