പുതിയകാവ്: ബിവറേജസ് കോർപ്പറേഷൻ തൃപ്പൂണിത്തുറ ,പുതിയകാവിൽ ആരംഭിച്ച വിദേശമദ്യശാലക്കെതിരെ ട്രുറയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും, ധർണ്ണയും നടത്തി .ജനവാസ കേന്ദ്രത്തിന് നടുവിൽ അപകട മേഖലയായ തൃപ്പൂണിത്തുറ - പൂത്തോട്ട റോഡിൽ പുതിയകാവ് വളവിന് സമീപം ആരംഭിച്ച മദ്യശാലയ്ക്കെതിരെ സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഒരു ലക്ഷം മാത്രം ജനസംഖ്യയുള്ള നഗരത്തിൽ സർക്കാർ വക ഒരു വിദേശമദ്യ ഷോപ്പും, അഞ്ചു ബാറുകളുമുണ്ട്. അതിനു പുറമേയാണ് ജനങ്ങൾ തിങ്ങി പാർക്കുന്ന വൈക്കം റോഡിനരികെ പുതിയതായി വിദേശ മദ്യശാല ആരംഭിച്ചിരിക്കുന്നത്. നഗരസഭ നമ്പർ പോലും അനുവദിച്ചിട്ടില്ലാത്ത കെട്ടിടത്തിലാണ് മദ്യശാല ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധ യോഗം സ്വതന്ത്ര്യ സമര സേനാനി തിലകൻ കാവനാൽ ഉദ്ഘാടനം ചെയ്തു. ട്രുറ ദക്ഷിണമേഖലാ പ്രസിഡന്റ് പ്രൊഫ.എൻ.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ വി.പി.പ്രസാദ്, വി.സി.ജയേന്ദ്രൻ, ഷീബാ ജോസഫ്, രാജപ്പൻ നായർ, സി.എസ്.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.