ഇന്ത്യൻ നീതിന്യായ രംഗത്തെ തെറ്റുകൾക്കും അഴിമതിക്കുമെതിരെ സധൈര്യം പോരാടിയ രാംജത് മലാനി ഇന്ത്യൻ നീതിന്യായ രംഗത്തെ അപൂർവ പ്രതിഭയെന്ന വിശേഷണത്തിന് പൂർണമായും അർഹനാണ്. അഭിഭാഷക വൃത്തിയിൽ വിജയിയായി തുടരുമ്പോഴും അദ്ദേഹം സംവിധാനത്തിന്റെ തകരാറുകളെ ചോദ്യം ചെയ്യാനുള്ള സന്നദ്ധതയും ധൈര്യവും കാട്ടി. പല രാഷ്ട്രീയ സന്ദർഭങ്ങളിലും നീതിന്യായ സന്ദർഭങ്ങളിലും തന്റെ അഭിപ്രായം കോടതിക്ക് അകത്തും പുറത്തും തുറന്നു പറയാൻ രാംജത് മലാനി തയാറായി. ന്യായാധിപരുടെയടക്കം സംവിധാനത്തിലെ തെറ്റുകളും പാളിച്ചകളും തുറന്ന് എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പലപ്പോഴും രാംജത് മലാനി അധികാരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം കേന്ദ്രമന്ത്രിയും ബാർ കൗൺസിലിന്റെ അമരക്കാരനുമായിരുന്നു. രാജ്യസഭയിലും ലോക്സഭയിലുമുണ്ടായി. ഇങ്ങനെ അധികാരത്തിന്റെ ഭാഗമായപ്പോഴൊക്കെ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ രാംജത് മലാനി തയാറായില്ല. അധികാരത്തിനോടൊപ്പം നിന്നപ്പോൾ തന്നെ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളിൽ അധികാരത്തെ എതിർക്കാനും കഴിഞ്ഞു.
അടിയന്തരാവസ്ഥയെ ഏറ്റവും ശക്തമായി എതിർത്ത രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. രാംജത് മലാനി തന്റെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെപ്പോലും ഇങ്ങനെ അർത്ഥ ഗർഭമാക്കി. വലിയ ജീവിതാനുഭവങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇന്നു പാകിസ്ഥാന്റെ ഭാഗമായ ചില സ്ഥലങ്ങളിലടക്കം ജീവിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ - ജീവിതാനുഭവ സമ്പത്തിന്റെ കരുത്തായിരുന്നു രാംജത് മലാനിയുടെ ഉൗർജ്ജം. രാഷ്ട്രീയത്തിൽ നിലകൊള്ളുമ്പോഴും അദ്ദേഹം ചില അടിസ്ഥാന തത്ത്വങ്ങളിലും വിട്ടുവീഴ്ച ചെയ്തില്ല.
ക്രിമിനൽ അഭിഭാഷകന്റെ ധർമ്മം
അത്രമേൽ ജനപ്രിയരല്ലാത്ത, കുപ്രസിദ്ധരായവർക്കു വേണ്ടി കോടതികളിൽ ഹാജരായി വാദിച്ചുവെന്നത് അദ്ദേഹം നേരിട്ട ഒരു ആരോപണമാണ്. ഒരു ക്രിമിനൽ അഭിഭാഷകന്റെ ധർമ്മം ജനപ്രിയ ധാരണകളെ പിന്തുണയ്ക്കലല്ല, മറിച്ച് ഒരു സംവിധാനം വ്യക്തിക്കെതിരെ (തീവ്രവാദിയാകാം, കള്ളക്കടത്തുകാരനാകാം, ആരോ ആകട്ടെ) ചുമത്തുന്ന കുറ്റത്തെ പ്രതിരോധിക്കലാണ്. രാംജത് മലാനി ചൂണ്ടിക്കാട്ടിയതും ഇതാണ്. ഒരു ഭരണഘടനാ ജനാധിപത്യത്തിൽ ക്രിമിനൽ അഭിഭാഷകന്റെ ധർമ്മം പ്രതിക്കു വേണ്ടി ഹാജരായി സാദ്ധ്യമായ എല്ലാ പ്രതിരോധ വാദങ്ങളും ഉന്നയിക്കുകയെന്നതാണ്. ഇതാണ് രാംജത് മലാനി ചെയ്തത്. ഇത് മലാനിയുടെ തൊഴിൽപരമായ പ്രത്യേകത മാത്രമല്ല, ഭരണഘടനാ തത്ത്വം കൂടിയാണ്. ഭരണഘടനയിൽ പ്രതികൾക്കുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അഭിഭാഷകന്റെ സഹായം തേടാനുള്ള അവകാശം ഇതിലൊന്നാണ്. പ്രതികൾക്കു വേണ്ടി ഹാജരാകുമ്പോൾ അദ്ദേഹം ഉയർത്തിപ്പിടിച്ചതും ഇൗ ഭരണഘടനാ തത്ത്വത്തെയാണ്.
ആയിരം കുറ്റവാളികൾ
രക്ഷപ്പെട്ടാലും
നൂറു ക്രിമിനൽ കേസുകളിൽ പ്രതികൾക്കെതിരെ ശരിയായ നടപടിയെടുക്കുമ്പോഴും പത്ത് പ്രതികൾക്കെതിരെ തെറ്റായുള്ളതും അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായുള്ളതുമായ നടപടികൾ ഒരു രാജ്യത്തുണ്ടാകാം. പലപ്പോഴും നാമിതു കണ്ടു വരുന്നുണ്ട്. രാഷ്ട്രിയ പ്രതിയോഗികളെ ക്രിമിനൽ കേസിൽ വേട്ടയാടുന്ന സമ്പ്രദായങ്ങളും ചില താത്പര്യങ്ങളുടെ പേരിൽ ആളുകളെ ക്രിമിനൽ കേസിൽ വേട്ടയാടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിയമത്തിന്റെ ദുരുപയോഗവും നിയമം ഉപയോഗിച്ചുള്ള വേട്ടയാടലും തടയണമെങ്കിൽ എല്ലാ ക്രിമിനൽ കേസ് പ്രതികൾക്കും നിയമത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തണം. ഇതാണ് ഭരണഘടന പറയുന്നത്. നിയമത്തിന്റെ ദുരുപയോഗം തടയാനും വ്യക്തികൾക്കെതിരെ ഭരണകൂടം നടത്തുന്ന വേട്ടയാടൽ തടയാനും ക്രിമിനൽ നിയമത്തിൽ നടപടിക്രമങ്ങൾ നിലനിൽക്കുക തന്നെ വേണം. ഏറ്റവും നികൃഷ്ടനാണെന്ന് കരുതപ്പെടുന്ന പ്രതിക്കു പോലും നിയമപരമായ, നടപടിക്രമപരമായ സംരക്ഷണം ഉറപ്പു വരുത്തണം. ഇൗ തത്ത്വമാണ് രാംജത് മലാനി തന്റെ ക്രിമിനൽ അഭിഭാഷക ജീവിതത്തിലുടനീളം പിന്തുടർന്നത്.
വളരെ വലിയ പ്രതിഫലം വാങ്ങിയ അഭിഭാഷകനാണ് അദ്ദേഹം. പ്രതിഫലത്തിന്റെ കാര്യത്തിൽ ആളുകൾക്ക് വിയോജിപ്പുണ്ടാകാം. എങ്കിലും തൊഴിലിനോടു അദ്ദേഹം കാണിച്ച ആത്മാർത്ഥത ശ്രദ്ധേയമാണ്. തൊഴിൽപരമായ അദ്ദേഹത്തിന്റെ പ്രതിബദ്ധത യുവ അഭിഭാഷക തലമുറയ്ക്കടക്കം പാഠപുസ്തകമാണ്.
( ലേഖകൻ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് )