ആലുവ: ദേശീയപാതയിൽ ഗതാഗതം മുടക്കി വെള്ളക്കെട്ട് രൂക്ഷമായിട്ടും നടപടിയെടുക്കാതെ അധികാരികൾ. കമ്പനിപ്പടി, അമ്പാട്ടുകാവ്, ദേശം കുന്നുംപുറം ഭാഗങ്ങളിലാണ് ഗതാഗതകുരുക്ക് പോലും സൃഷ്ടിക്കുന്ന വെള്ളക്കെട്ടുള്ളത്.
അമ്പാട്ടുകാവിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. വെള്ളക്കെട്ട് പരിഹരിക്കണമെന്നും റോഡിലെ കുഴികൾ അടക്കണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെ എൻ.എച്ച് അധികൃതരെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മഴക്കാലമായാൽ കാൽനട യാത്രപോലും ദുസഹമാകുന്ന വിധമാണ് വെള്ളക്കെട്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ചെളിയഭിഷേകം നിത്യസംഭവമാണ്. വെള്ളക്കെട്ട് ഒഴിവാക്കി ഒറ്റവരിയായി വാഹനങ്ങൾ പോകുമ്പോഴാണ് ഗതാഗതസ്തംഭനം ഉണ്ടാകുന്നത്.