maradu-flats

കൊച്ചി: തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കാൻ ഇന്നു മുതൽ നടപടികൾ തുടങ്ങും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടർക്കും ലഭിച്ചു.

പൊളിക്കേണ്ട ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണ്. പൊലീസ് സംരക്ഷണം ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ സഹായം നഗരസഭയ്ക്ക് തേടാനാവും. നെട്ടൂർ ആൽഫ വെഞ്ചേഴ്സ്, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാനാണ് മേയ് എട്ടിന് സുപ്രീം കോടതി നിർദ്ദേശിച്ചത്. പുന:പരിശോധനാ ഹർജിയുൾപ്പെടെ നൽകിയെങ്കിലും അവയൊക്കെ സുപ്രീം കോടതി തള്ളി. ഒടുവിൽ സെപ്തംബർ 20 നകം ഫ്ളാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം സെപ്തംബർ 23 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അന്ത്യശാസനം നൽകി.

ഇതേത്തുടർന്നാണ് ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ ചീഫ് സെക്രട്ടറി മരട് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്. ഫ്ളാറ്റുകൾ പൊളിക്കാൻ ഏജൻസിയെ കണ്ടെത്താനും താമസക്കാർക്ക് താത്കാലിക താമസ സൗകര്യം ഒരുക്കാനും നടപടികൾ വേണം. ഇന്നു മുതൽ ഇതെല്ലാം തുടങ്ങുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

 ഉടൻ കൗൺസിൽ യോഗം

ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ പരിശോധന തുടങ്ങിയെന്ന് മരട് നഗരസഭാദ്ധ്യക്ഷ ടി.എച്ച്. നദീറ കേരളകൗമുദിയോടു പറഞ്ഞു. ഉടൻ തന്നെ കൗൺസിൽ യോഗം വിളിക്കുമെന്നും അവർ അറിയിച്ചു.