കോലഞ്ചേരി: കിഴക്കമ്പലം - മനയ്ക്കക്കടവ് - പട്ടിമറ്റം - നെല്ലാട് - പത്താംമൈൽ റോഡിന്റെ ദുർഗതിക്ക് പരിഹാരമാകുന്നു. റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിന് തീരുമാനമായതായി വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. പുത്തൻകുരിശ് റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥതല മീറ്റിംഗിലാണ് റോഡ് നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിക്കുന്നതിന് കർശന നിർദ്ദേശം. ശോച്യാവസ്ഥയിലായ റോഡിന്റെ ഭാഗങ്ങൾ ഉടൻ അറ്റകുറ്റപ്പപണി നടത്തി ഗതാഗതയോഗ്യമാക്കും. റോഡിലെ കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റിയിടുവാനുള്ള കാലതാമസമാണ് റോഡ് നിർമ്മാണം മന്ദഗതിയിലാക്കിയത്. പൈപ്പുകൾ മാറ്റിയിടുന്നതിന് മുൻപായി റോഡ് ഗതാഗതയോഗ്യമാക്കും . പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ എക്‌സിക്യുട്ടീവ് എൻജിനിയർ ഷിജി കരുണാകരൻ, കെ.എസ്.ഇ. ബി എക്‌സിക്യുട്ടീവ് എൻജിനിയർമാരായ ജി. ഗിരിജ, ആശ, ജല അതോറിട്ടി തൃപ്പൂണിത്തുറ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ പ്രദീപ്,കുന്നത്തുനാട് ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
# സർവേയ്ക്ക് തുടക്കം
റോഡ് വികസനത്തിന്റെ ഭാഗമായി ഇനിയും പൂർത്തീകരിക്കാനുള്ള ഡ്രൈനേജ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിന് കർശന നിർദ്ദേശം നൽകി. റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിനായുള്ള സർവേ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്. സർവേ ജോലികൾ ഉടൻ പൂർത്തീകരിക്കും.
# നവംബർ 30 നുള്ളിൽ പൈപ്പിടും
ഈ മാസം പൈപ്പിടൽ ആരംഭിച്ച് നവംബറിൽ പൂർത്തീകരിക്കും. നവംമ്പർ 30 നുള്ളിൽ പൈപ്പിടൽ പൂർത്തീകരിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ തീരുമാനിച്ചതായും എം.എൽ.എ പറഞ്ഞു. ഇതിനായി പൊതുമരാമത്ത് വകുപ്പും ജലഅതോറിട്ടിയും ചേർന്ന് സംയുക്ത സ്ഥലപരിശോധന നടത്തും. റോഡിന് വീതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുത പോസ്റ്റുകൾ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും തീരുമാനമായി.
# റോഡ് നിർമ്മാണത്തിനും പൈപ്പുകൾ മാറ്റിയിടുന്നതിന് ചെലവ് ₹ 32.5 കോടി