കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഓണം ഫെസ്റ്റിവൽ കൺട്രോൾ റൂം ഡർബാർ ഹാൾ ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിലെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് കൊച്ചി സിറ്റി പൊലീസ് സ്പെഷ്യൽ കൺട്രോൾ റൂം തുറന്നത്. ഡെപ്യൂട്ടി കമ്മീഷണർ (ലോ ആൻഡ് ഓർഡർ) പൂങ്കുഴലീ ഉദ്ഘാടനം ചെയ്തു. എറണാകുളം അസി.കമ്മീഷണർ ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.വിജയ് ശങ്കർ, സബ് ഇൻസ്‌പെക്ടർ കിരൺ.സി.നായർ എന്നിവർ സന്നിഹിതരായിരുന്നു. മഫ്തിയിൽ ഉൾപ്പെടെആയിരത്തോളം പൊലീസുകാരും 50 വാഹനങ്ങളും 24 മണിക്കൂറും ഫെസ്റ്റിവൽ കൺട്രോൾ റൂമിന്റെ കീഴിൽ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. പൊലീസ് കൺട്രോൾ റൂമിന് *9497980403* എന്ന പ്രത്യേക ഫോൺ നമ്പർ ഉണ്ടായിരിക്കും.
പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ
1, പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള സാധനങ്ങൾ വയ്ക്കരുത്. ഗ്ലാസ് പൊട്ടിച്ച് സാധനങ്ങൾ അപഹരിക്കാൻ സാദ്ധ്യതയുണ്ട്
2, അപരിചിതർ ആരെങ്കിലും നിലത്ത് നോട്ടുകൾ കിടക്കുന്നതായി ശ്രദ്ധയിൽ പെടുത്തിയാൽ നിങ്ങളുടെ ശ്രദ്ധ തിരിച്ച് കളവ് നടത്താൻ ആണെന്ന് മനസ്സിലാക്കുക
3 വിലകൂടിയ ആഭരണങ്ങൾ ധരിച്ച് സിറ്റിയിൽ വരുന്നവർ അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കുക .എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ പൊലീസിൽ അറിയിക്കുക
4, അനാവശ്യമായി തിരക്ക് ഉണ്ടാക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കുക
5, കുട്ടികളെ കരുതലോടെ കൂടെ നിർത്തുക
6, അപരിചിതരോട് അനാവശ്യമായി ചങ്ങാത്തം കൂടാതിരിക്കുക
7, എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ഫെസ്റ്റിവൽ കൺട്രോൾ റൂമിൽ അറിയിക്കുക