കിഴക്കമ്പലം: പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി സ്വരൂപിച്ച പണംകൊണ്ട് വീട് നിർമ്മിച്ചു നൽകി പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ കാരണ്യ പ്രവർത്തനത്തിന് വേറിട്ട പാതയൊരുക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് കനത്ത കാ​റ്റിലും മഴയിലും വീട് നഷ്ടപ്പെട്ട പള്ളിക്കര അമ്പലപ്പടിയിലെ പുത്തേത്ത് മുകൾ ലക്ഷംവീട് കോളനിയിലെ കുമാരി കുട്ടപ്പന് വീട് നിർമ്മിച്ചു നൽകിയാണ് സെന്റ് മേരീസ് കത്തിഡ്രൽ സേവനരംഗത്ത് മാതൃകയാവുന്നത്. കത്തീഡ്രലിലെ വലിയ പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി സ്വരൂപിച്ച എട്ടുലക്ഷം രൂപയോളം ചിലവഴിച്ചാണ് വീട് നിർമ്മിച്ചത്. ജാതി മത ഭേദമെന്യേ കത്തീഡ്രലിന്റെ പരിധിയിലുള്ള സാധുജനങ്ങളെ സഹായിക്കുന്നതിനായി നിരവധി സഹായ പദ്ധതികളാണ് കത്തീഡ്രൽ നടപ്പാക്കിയിട്ടുള്ളതെന്ന് വികാരി തോമസ് എം.പോൾ പറഞ്ഞു. 10 ന് രാവിലെ 9.30 ന് നടക്കുന്ന താക്കോൽദാന ചടങ്ങിൽ വി.പി. സജീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.