പുന:നിർമാണം വെെകും

കൊച്ചി : പാലാരിവട്ടം ഫ്ളെെഓവറിന്റെ അറ്റകുറ്റപ്പണികൾ അനിശ്ചിതമായി നീളും. ചെന്നെെ ഐ.ഐ.ടി വിദഗ്ദ്ധ സംഘം സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻമേലുള്ള ചർച്ച ഈ മാസം 16 ന് തിരുവനന്തപുരത്ത് നടക്കും.

മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ഐ.ഐ.ടി സ്ട്രക്ചറൽ വിദഗ്ദ്ധൻ പ്രൊഫ. അളകസുന്ദരമൂർത്തി, മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

അതീവ ഗുരുതരമായ ചില പാളിച്ചകൾ പുതിയ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. ഐ.ഐ.ടിയുടെ ആദ്യറിപ്പോർട്ടിലും ഇഞ്ഞ ശ്രീധരൻ ചൂണ്ടിക്കാണിച്ചതിലും കൂടുതൽ പിഴവുകൾ അക്കമിട്ട് നിരത്തുന്നതായാണ് സൂചനകൾ.

പാലം പുതുക്കിപ്പണിയേണ്ടതിന്റെ ആവശ്യകതയാണത്രെ റിപ്പോർട്ടിന്റെ സാരം.

102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുള്ളതായി ശ്രീധരന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാലത്തിന് 100 വർഷമെങ്കിലും ആയുസുവേണം. എന്നാൽ പാലാരിവട്ടം മേൽപ്പാലം 20 വർഷത്തിനുള്ളിൽ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്.

 ചർച്ചകൾക്കുശേഷം തീരുമാനം

16 ന് നടക്കുന്ന ഉന്നതതലയോഗത്തിലായിരിക്കും അന്തിമ തീരുമാനം . എന്നാൽ സെൻട്രൽ സ്പാൻ വരുന്നഭാഗത്ത് കൂടുതൽ പരിശോധന ഇനിയും ആവശ്യമാണെന്ന് പുതിയ റിപ്പോർട്ടിലുണ്ടെന്നറിയുന്നു.

ഇതു കൂടി കഴിഞ്ഞു മാത്രമേ പൊളിച്ചുപ്പണിയുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകൂ.

പൊളിച്ചുമാറ്റുന്ന ഗർഡറുകൾ കടൽഭിത്തി നിർമ്മാണത്തിനുപയോഗിക്കാമെന്ന ശ്രീധരന്റെ നിർദ്ദേശവും 16 ന് പരിഗണിക്കും.

. 16 ലെ ചർച്ചകൾക്കുശേഷമേ പാലിത്തിന്റെ ഭാവി നിശ്ചയിക്കൂ. ചെറു വാഹനങ്ങൾ കടത്തിവിടുവാൻ കഴിയില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ ആലോചിച്ച് വേണ്ടതു ചെയ്യും.

അലക്സ് ജോസഫ് , ജനറൽ മാനേജർ , ആർ.ബി.ഡി.സി.കെ.