മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് സ്വന്തം മന്ദിരം ഒരുങ്ങുന്നു. പഞ്ചായത്തിലെ പത്തകുത്തിയിൽ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി പഞ്ചായത്തിന്റെ നാഗപ്പുഴയിലുള്ള സ്വന്തം സ്ഥലത്ത് പുതിയ ഇരുനില മന്ദിരമാണ് നിർമിക്കുന്നത്. മന്ദിര നിർമ്മാണത്തിന് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 48ലക്ഷം രൂപയാണ് അനുവദിച്ചത്. മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ റെജി വിൻസന്റ് സ്വാഗതം പറയും.