കൊച്ചി:സാംസ്‌കാരിക മറവി സംഭവിക്കുന്ന സമൂഹമായി കേരളം മാറരുതെന്ന് സ്പീക്കർ പി .ശ്രീരാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 'ലാവണ്യം' ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണത്തിന് ആഘോഷത്തേക്കാളുപരി ആചാരത്തിന്റെ തലമുണ്ട്. ആചാരങ്ങൾ മലയാളിയുടെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. ഒരിക്കലും തിരുത്താൻ പറ്റാത്തതെന്ന് കരുതിയിരുന്ന ആചാരങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് പോയിട്ടുമുണ്ട്. എന്നാൽ ഓണം ചരിത്രത്തിന്റെ വിസ്മൃതിയിൽ പെട്ടുപോകാത്ത തിളക്കമാർന്ന അനുഭവമായാണ് മലയാളികൾ കൊണ്ടാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷയായി. ഫോർട്ടുകൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ശീമാട്ടി സി.എം.ഡി ബീനാ കണ്ണൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്പീക്കർക്ക് കൈമാറി. ജില്ലാകളക്ടർ എസ് സുഹാസ് സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും സിനിമാതാരം ആശാ ശരത്തിനെയും ആദരിച്ചു. സംവിധായകൻ രഞ്ജി പണിക്കർ, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി ആർ റെനീഷ്, ഫിനാൻസ് ഓഫീസർ ജി ഹരികുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.