കോലഞ്ചേരി: പള്ളിക്കേസുകളിൽ യാക്കോബായ സഭയുടെ കാലിടറുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഓർത്തഡോക്സ് വിഭാഗം ആധിപത്യം സ്ഥാപിക്കുന്നതോടെ കോടികൾ മുടക്കി പണി തീർത്ത പള്ളികൾ യാക്കോബായ പക്ഷത്തിന്റെ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി.
സഭാ കേസിൽ 2017 ജൂലായ് മൂന്നിലെ വിധി ബാധകമാകുന്ന കേസുകൾ ഒരു കോടതിയും പരിഗണിക്കരുതെന്നാണ് സുപ്രീം കോടതി നിർദ്ദേശം. മലങ്കര സഭയിലെ പള്ളികൾ 1934 ലെ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടണമെന്നാണ് വിധി.
നേരത്തെ ചില പള്ളികളിൽ സമവായത്തിലൂടെ ഇരു പക്ഷവും ആരാധനയ്ക്കായി പ്രത്യേക സമയം കണ്ടെത്തിയിരുന്നു. ഇത്തരം ധാരണകളും ഇനി വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഓർത്തഡോക്സ് പക്ഷം. കടമറ്റം പള്ളിയിൽ ഇരുപക്ഷവും ഇങ്ങിനെയാണ് ആരാധന നടത്തിയിരുന്നത്. പള്ളി തങ്ങളുടേതാണെന്നും തിരിച്ചു കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം പുത്തൻകുരിശ് പൊലീസിനെ സമീപിച്ചു കഴിഞ്ഞു. സി.ഐ നടത്തിയ സമവായ ചർച്ചയിലും വിട്ടു വീഴ്ച ചെയ്യാതെ നിലനിന്നതോടെ കടമറ്റവും യാക്കോബായ സഭയ്ക്ക് കൈ വിട്ടു പോകും.
കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങൾ നല്കുന്ന സൂചന. ഇതു വരെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അഞ്ച് കോടതി അലക്ഷ്യ നടപടികളാണ് സുപ്രീം കോടതിയിലും, ഹൈക്കോടതിയിലുമായി നില നില്ക്കുന്നത്. കോടതി അലക്ഷ്യ നടപടികൾ നേരിടാൻ ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കണം, അതു കൊണ്ടു തന്നെ വിധി നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള പോം വഴി. റിസ്ക്ക് എടുക്കാനില്ലെന്നാണ് ഇതേക്കുറിച്ച് ഒരു പൊലീസ് ഓഫീസർ പ്രതികരിച്ചത്.
കോലഞ്ചേരി മേഖലയിൽ മാത്രം വിധി വന്നതിനു ശേഷം കണ്ണ്യട്ടു നിരപ്പ്, വരിക്കോലി, പഴന്തോട്ടം, കോലഞ്ചേരി, കടമറ്റം പള്ളികൾ യാക്കോബായ വിഭാഗത്തിന് നഷ്ടമായി. പൂതൃക്ക, വടവുകോട്, പുത്തൻകുരിശ് പള്ളികളിൽ പിടിച്ചെടുക്കാനും ഓർത്തഡോക്സ് പക്ഷം നീക്കം തുടങ്ങി. തർക്കം രൂക്ഷമായതോടെ ശവ സംസ്ക്കാരത്തിനും യാക്കോബായ വിഭാഗത്തിന് തടസം നേരിടുകയാണ്.
വരിക്കോലിയിലും, കണ്ണ്യാട്ടു നിരപ്പിലും മൃതദേഹം ഒളിച്ചടക്കേണ്ടി വന്നപ്പോൾ കോലഞ്ചേരിയിൽ സമാന്തര സെമിത്തേരി നിർമ്മിച്ചാണ് സംസ്ക്കാരം നടത്തിയത്. കടമറ്റത്ത് ഓർത്തഡോക്സ് വിഭാഗം സെമിത്തേരി താഴിട്ടു പൂട്ടി കഴിഞ്ഞു. പഴന്തോട്ടത്ത് യാക്കോബായ വിശ്വാസി മരിച്ചപ്പോൾ സംസ്ക്കാരം നടത്തുന്നതിന് മരിച്ചയാളാടെ കുടുംബാംഗങ്ങൾ യാക്കോബായ സഭ വിട്ട് ഓർത്തഡോക്സ് സഭയിലേയ്ക്ക് മാറുകയും ചെയ്തു.
1934 ഭരണ ഘടന അംഗീകരിച്ചതായി എഴുതി നല്കി. കുമ്പസാരം നടത്തി ഓർത്തഡോക്സ് വികാരിയുടെ കുർബാന കൈക്കൊണ്ട് യാക്കോബായക്കാർക്ക് തങ്ങളുടെ സഭയിലേയ്ക്ക് മാറാമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.