കൊച്ചി : ബി.എസ്.എൻ.എല്ലിന് സാമ്പത്തിക പാക്കേജ് നൽകുന്ന കാര്യം ധനമന്ത്രിയുടെ പരിഗണനയിലാണെന്നും ബി.എസ്.എൻ.എൽ - എം.ടി.എൻ.എൽ ലയനത്തെക്കുറിച്ച് ചർച്ച നടന്നുവരികയാണെന്നും കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നൂറുദിന നേട്ടങ്ങൾ വിശദീകരിക്കാനായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബി.എസ്.എൻ.എല്ലിനെ കേന്ദ്ര സർക്കാർ കൈവെടിയില്ല. അതേസമയം ബി.എസ്.എൻ.എല്ലിലെ പ്രശ്നങ്ങൾ 1995 മുതൽ തുടങ്ങിയതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലയന ചർച്ചകളെ യൂണിയനുകൾ എതിർക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
എയർ ഇന്ത്യയുടെ ഒാഹരി വില്പന നടപടികൾ തുടങ്ങി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി താത്കാലികം മാത്രമാണ്. ഇന്ത്യയുടെ സാമ്പത്തികപാത ശോഭനമാണ്. 11 -ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തായി. 2033 ഒാടെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചേരും. രണ്ടാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സെഷനിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിക്കുന്ന ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്ളിം സ്ത്രീകൾക്ക് ശക്തിപകരും. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് മോദി സർക്കാരിന്റെ ധീരമായ തീരുമാനമാണ്. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ളോബൽ ലീഡറാണ്. അഭിമാനാർഹമായ മൂന്നു രാജ്യാന്തര പുരസ്കാരങ്ങളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.