കൊച്ചി: മരട് നഗരസഭയുടെ ആദ്യ ഭരണ സമിതി സ്വീകരിച്ച നടപടിയാണ് നിലവിലെ ഭരണസമിതിക്ക് കുരുക്കായി മാറിയ ഫ്ളാറ്റ് പൊളിക്കൽ കേസ്.സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭകളിൽ ഒന്നായ മരട് മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക അടിത്തറ തന്നെ തകർക്കുന്ന നിലയിലേക്ക് ഈ കേസ് ചെന്നെത്തി നിൽക്കുകയാണിപ്പോൾ. 30 കോടി രൂപയെങ്കിലും ഫ്ളാറ്റുകൾ പൊളിക്കാൻ ചെലവാകുമെന്നാണ് പ്രാഥമിക കണക്ക്.
മരട് എ ഗ്രേഡ് പഞ്ചായത്തായിരുന്ന 2006 - 2007 കാലത്താണ് അഞ്ചു ഫ്ളാറ്റുകൾക്കും ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചത്. 2010 ൽ മരട് നഗരസഭയായി. ബിൽഡിംഗ് പെർമിറ്റ് നിയമപ്രകാരമല്ലെന്ന് ടി.കെ. ദേവരാജൻ ചെയർമാനായ നഗരസഭയുടെ ആദ്യ ഭരണ സമിതി കണ്ടെത്തി. തുടർന്നാണ് പെർമിറ്റ് റദ്ദാക്കി നിർമ്മാണം നിറുത്താൻ ആവശ്യപ്പെട്ടതെന്ന് ടി.കെ. ദേവരാജൻ പറഞ്ഞു.ഫ്ളാറ്റ് കമ്പനികൾ ഹൈക്കോടതിയിൽ ഹർജി നൽകി. നഗരസഭയുടെ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയപ്പോൾ നിർമ്മാണം തുടർന്നു.
2014 ൽ നഗരസഭ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. തീരദേശ പരിപാലന അതോറിറ്റിയും കക്ഷി ചേർന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഫ്ളാറ്റുകളുടെ നിർമ്മാണമെന്ന് അതോറിറ്റി വാദിച്ചു. ഡിവിഷൻ ബെഞ്ച് വിധിയും ഫ്ളാറ്റുടമകൾക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ അതോറിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നഗരസഭയും കക്ഷി ചേർന്നു. കേസിനിടെ അഞ്ചിൽ നാലു ഫ്ളാറ്റുകളും പണി തീർത്ത് വിറ്റു. താമസക്കാരും വന്നു. കഴിഞ്ഞ മേയ് എട്ടിനാണ് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ആദ്യം ഉത്തരവിട്ടത്. അപ്പീൽ പരിഗണിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയില്ല. സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ചത്.