maradu-flash-case

കൊച്ചി : സുപ്രീംകോടതി ഉത്തരവുപ്രകാരം ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ വഴിതേടിയും നിയമലംഘനം വിലയിരുത്താനും ചീഫ് സെക്രട്ടറി ടോം ജോസ് മരടിലെത്തി. താമസക്കാർ പ്രതിഷേധിക്കുകയും സങ്കടക്കെട്ടഴിക്കുകയും ചെയ്തെങ്കിലും ഉറപ്പോ മറുപടിയോ അദ്ദേഹം നൽകിയില്ല.

ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ ആലോചിക്കാൻ മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ഇന്ന് ചേരും. താമസക്കാരെ ഒഴിപ്പിക്കാനും താത്കാലികമായി പുനരധിവസിപ്പിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും നഗരസഭയ്ക്ക് പിന്തുണ അറിയിച്ചു.

ഫ്ളാറ്റുകൾ പൊളിച്ചുനീക്കി നേരിട്ട് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി മരടിലെത്തിയത്.

കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിലെത്തിയ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ താമസക്കാർ പ്രതിഷേധിച്ചു. ചീഫ് സെക്രട്ടറിക്ക് ഗോ ബാക്ക് വിളിച്ചും ചിലർ രോഷം പ്രകടിപ്പിച്ചു. ഫ്ളാറ്റുകളിലെ താമസക്കാരായ സംവിധായകൻ മേജർ രവി, നടൻ സൗബിൻ സഹീർ തുടങ്ങിയവരും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു.

ഫ്ളാറ്റ് സമുച്ചയത്തിലേക്ക്ചീഫ് സെക്രട്ടറി കടക്കുന്നതിൽ താമസക്കാർ പ്രതിഷേധിച്ചതോടെ അദ്ദേഹം പിന്മാറി. പിൻവശത്ത് കായലും ഫ്ളാറ്റ് സമുച്ചയത്തിന്റെ തറയും തമ്മിലുള്ള അകലവും ചീഫ് സെക്രട്ടറി പരിശോധിച്ചു. ഗോൾഡൻ കായലോരം, ആൽഫ സറൈൻ, ജെയിൻ കോറൽകോവ് എന്നിവിടങ്ങളും ചീഫ് സെക്രട്ടറി പരിശോധിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്ര കശ്യപ്, അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപൊലീസ് സന്നാഹം ഫ്ളാറ്റുകളിൽ നിലയുറപ്പിച്ചിരുന്നു. എച്ച്.ടു.ഒവിലൊഴികെ ഒരിടത്തും പ്രതിഷേധമുണ്ടായില്ല.

നഗരസഭാ കൗൺസിൽ ഇന്ന്

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ മരട് മുനിസിപ്പാലിറ്റിയുടെ അടിയന്തര കൗൺസിൽ യോഗം ഇന്നു രാവിലെ 10.30ന് ചേരും. പൊളിക്കുന്നതിന് ടെൻഡർ വിളിക്കുന്നതും ഒഴിയൽ നോട്ടീസ് നൽകുന്നതുമുൾപ്പെടെ നടപടികൾ കൗൺസിൽ യോഗം തീരുമാനിക്കുമെന്ന് ചെയർപേഴ്സൺ ടി.എച്ച്. നദീറ പറഞ്ഞു.