കൊച്ചി : നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ ചാലക്കുടി പുകയിലപ്പാറ കോളനിയിലെ ആദിവാസി വിഭാഗങ്ങൾക്കായി ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തി. കേരളത്തിലെ ആദിവാസി സ്ത്രീകൾക്ക് സൗജന്യ കാൻസർ പരിശോധനയും ലഭ്യമാക്കി. കെയർ ആൻഡ് ഷെയറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ഇതു പ്രഖ്യാപിച്ചത്. ആദിവാസി വിഭാഗങ്ങൾക്കു വേണ്ടിയുള്ള പൂർവികം പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നടപ്പാക്കുന്നത്.
ടെലിമെഡിസിൻ പദ്ധതി പ്രകാരം രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരുമായി കോളനിക്കാർക്ക് ചർച്ച നടത്താനും ഉപദേശങ്ങൾ സ്വീകരിക്കാനും കഴിയും. മറയൂർ കമ്മാളൻ കുടി ആദിവാസി കോളനിയിലെ തലൈവർ ഗുരുസ്വാമിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കാൻസർ പരിശോധനാ പദ്ധതിയുടെ ഉദ്ഘാടനം കാൻസർ രോഗ വിദഗ്ദ്ധനായ ഡോ. സഞ്ജു.വി. സിറിയക്കിന് ദീപശിഖ കൈമാറി മമ്മൂട്ടി നിർവഹിച്ചു.
മമ്മൂട്ടിക്ക് ജന്മദിന സമ്മാനം
പ്രിയതാരത്തിനുള്ള ജന്മദിന സമ്മാനമായി വയനാട്ടിലെ മധ്യപാടി ആദിവാസി ഗ്രാമത്തിലെ ഒരു ഉൗര് ദത്തെടുക്കുന്നതിനുള്ള വാഗ്ദാനപത്രം സൗദിയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകർ മമ്മൂട്ടിക്ക് കൈമാറി. ചടങ്ങിൽ ജന്മദിന കേക്ക് മുറിച്ച് മമ്മൂട്ടി മധുരം പങ്കുവെച്ചു. ആത്മീയ ഓൺലൈൻ ചാനലായ ഗോഡ്സ് ഓൺ കൺട്രിയുടെ സ്വിച്ച് ഓൺ കർമ്മവും അദ്ദേഹം നിർവഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ഋഷി ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിംഗ് ട്രസ്റ്റി റോയ് മുത്തൂറ്റ്, രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിക്കുഴി, ഡോ. വി.എ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.