പറവൂർ : ഒറ്റക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ നിന്ന് ആറു പവനും 15,000 രൂപയും കവർന്നു. ചെറിയപല്ലംതുരുത്ത് തുരുത്തുമ്മൽ പരേതനായ വ‌ർഗീസിന്റെ ഭാര്യ ചിന്നമ്മയുടെ (64) വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. വീട്ടുജോലി ചെയ്തു ജീവിക്കുന്ന ചിന്നമ്മ പുലർച്ചെ ജോലിക്കു പോയി മടങ്ങിയത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ടത്. മുറിയിലെ അലമാര കുത്തിത്തുറന്ന് ഒരു മാലയും രണ്ടു വളകളുമടക്കം ആറു പവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചു. ഓണത്തിന് ടി.വി വാങ്ങാൻ കുറെനാളായി സ്വരൂപിച്ച തുകയാണ് മോഷ്ടാവ് കവർന്നത്. ഇന്നലെ രാവിലെ ടി.വി വാങ്ങാനിരിക്കുകയായിരുന്നു. രണ്ട് പെൺമക്കളുടെ വിവാഹത്തിനു ശേഷം ചിന്നമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.