maradu-flat-case

കൊച്ചി : ജീവിതസമ്പാദ്യമെല്ലാം കൂട്ടിപ്പെറുക്കിയും വായ്പയെടുത്തും വാങ്ങിയ കിടപ്പാടം കൈവിട്ടു പോകുമെന്ന ഭീതിയിലാണ് മരടിലെ നാലു ഫ്ളാറ്റുകളിലെ 159 കുടുംബങ്ങൾ. ഓണത്തിന്റെ ആരവമല്ല, ആശങ്കയുടെ നിശബ്ദതയാണ് എല്ലായിടത്തും. ഫലമില്ലെന്നറിഞ്ഞിട്ടും ചീഫ് സെക്രട്ടറിക്ക് മുമ്പിൽ അവർ സങ്കടക്കെട്ടഴിച്ചു.

നാലു സമുച്ചയങ്ങളിലായി 288 ഫ്ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സിനിമാ പ്രവർത്തകർ മുതൽ സാധാരണക്കാർ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാൻ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ്ളാറ്റ് ഉടമകൾ. എങ്ങോട്ടുപോകണമെന്ന് പലർക്കും അറിയില്ല.

"ആത്മഹത്യയല്ലാതെ വഴിയില്ല. വൃദ്ധ മാതാപിതാക്കളുമായി ഞങ്ങൾ എവിടെ പോകാൻ." ഹോളി ഫെയ്ത്തിലെ താമസക്കാരി ആൻസി പ്രതികരിച്ചതിങ്ങനെ.

ചീഫ് സെക്രട്ടറിക്ക് മുമ്പിൽ അല്പം പ്രതിഷേധിച്ചത് ഹോളി ഫെയ്ത്തിലെ താമസക്കാരാണ്. പ്രതിഷേധമല്ല, സങ്കടമാണ് തങ്ങൾ പങ്കുവച്ചതെന്ന് താമസക്കാർ പറഞ്ഞു. 'നിയമപരമായി ഫ്ളാറ്റ് വാങ്ങിയവരാണ് ഞങ്ങൾ. നിയമലംഘനമൊന്നും അറിഞ്ഞല്ല. എന്നിട്ടും ശിക്ഷിക്കുന്നത് ഞങ്ങളെ...".

മുഴുവൻ ഫ്ളാറ്റുകളിലും താമസക്കാരുള്ളത് ഗോൾഡൻ കായലോരത്തിലാണ്. 40 പേരും സാധാരണക്കാർ. 13 വർഷം മുമ്പ് ഫ്ളാറ്റുകൾ വാങ്ങിയവരാണ്.

"ജോലിയിൽ നിന്നു പിരിഞ്ഞപ്പോൾ കിട്ടിയ തുകയും കുടുംബസ്വത്തു വിറ്റുകിട്ടിയതും വായ്പയെടുത്തുമൊക്കെയാണ് ഫ്ളാറ്റ് വാങ്ങിയത്. നികുതിയും അടയ്ക്കുന്നുണ്ട് ". കായലോ‌രത്തെ താമസക്കാരനായ ഫ്രാൻസിസ് ജേക്കബ് പറയുന്നു."ഏകമകൾ ചെന്നൈയിലാണ്. ഭാര്യ രോഗിയും. എവിടെ പോകുമെന്ന് അറിയില്ല."

"നിയമോപദേശം വാങ്ങിയും അന്വേഷിച്ചുമാണ് ഫ്ളാറ്റ് വാങ്ങിയത്. നിയമപ്രശ്നങ്ങളുള്ളതായി ആരും പറഞ്ഞില്ല." നടൻ സൗബിൻ സഹീർ പറഞ്ഞു "പെട്ടെന്നു വന്ന് ഇറങ്ങാൻ പറഞ്ഞാൽ എന്തു ചെയ്യും. രേഖാമൂലം ആരും ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. വാർത്തകളിലെ വിവരങ്ങളേയള്ളൂ." അദ്ദേഹം പറഞ്ഞു.

വൃദ്ധരും കുട്ടികളും വീൽച്ചെയറിൽ ജീവിക്കുന്നവരും വരെ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ തങ്ങളുടെ അവസ്ഥ വിവരിച്ചെങ്കിലും യാതൊരു ഉറപ്പും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചീഫ് സെക്രട്ടറി നിസഹായനാണെന്ന് അറിയാമെങ്കിലും ആരോടെങ്കിലും പറയണ്ടേ എന്നാണ് ഉടമകൾ ചോദിക്കുന്നത്.