കോലഞ്ചേരി: ഉത്രാടപ്പാച്ചിലിൽ പച്ചക്കറി വിലയും പായുന്നു.

പയറും, ബീൻസും സെഞ്ച്വറി കടന്നു. ഇഞ്ചി വിലയിൽ ഇഞ്ചു മാറ്റമില്ല. നേന്ത്രക്കായ വില 70 ലെത്തി. ചെറിയ ഉള്ളി ,മുരിങ്ങക്കോൽ, കാരറ്റ്, ബീറ്റ് റൂട്ട്, വഴുതന, വെണ്ട, നാരങ്ങ, ചേനയും ഹാഫ് സെഞ്ച്വറി പിന്നിട്ടു. ആശ്വസിക്കാൻ കുമ്പളവും, കാബേജും. തക്കാളി വിലയിൽ നേരിയ മാറ്റം. സവാള മൽസരിക്കാനില്ല വില പഴയ പടി നില നിർത്തി. ഓണത്തിരക്കു മുന്നിൽ കണ്ട് മൊത്ത വിതരണക്കാർ പച്ചക്കറി വിലയിൽ വൻ വർദ്ധനവ് വരുത്തിയതോടെയാണ് റീട്ടെയിൽ വില കുതിച്ചുയർന്നത്.

പച്ചക്കറി വില പിടിച്ചു നിർത്തുനതിനായി സർക്കാർ സബ് സിഡി നല്കി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കുകളും, കൃഷി ഭവനും, വിവിധ പഞ്ചായത്തുകളും പച്ചക്കറി വിപണന സ്റ്റാളുകൾ തുറന്നെങ്കിലും ഇന്നലത്തെ ഒറ്റ ദിവസത്തെ കച്ചവടം കൊണ്ട് സ്റ്റോക്ക് തീർന്ന മട്ടാണ്. മിക്കവരും തമിഴ് നാട് മാർക്കറ്റിൽ പോയാണ് സാധനങ്ങൾ എടുത്തത്. സ്റ്റോക്ക് തീരും വരെ വില്പനയാണ് ഇവരും ഉദ്ദേശിക്കുന്നത്. സബ് സിഡി ഉല്പന്നങ്ങൾ തീരുന്നതോടെ റീട്ടെയിൽ കടകളിൽ വില ഇനിയും ഉയരും.

പ്രാദേശിക മേഖലകളിൽ പച്ചക്കറി കച്ചവടക്കാർ ഒന്നിച്ച് സബ് സിഡി ഉല്പന്നങ്ങളുടെ വില്പനയ്ക് സമാനമായും ഓണച്ചന്തകളോട് ചേർന്നും സ്റ്റാളുകൾ തുടങ്ങിയിട്ടുണ്ട്.

ഇന്നത്തെ വിപണിയിലെ വില്പന വില ബ്രായ്ക്കറ്റിൽ ഓണച്ചന്തയിലെ വില.

പയർ 120(90) ബീൻസ് 110 (70), ഇഞ്ചി 120 (100), ചെറിയ ഉള്ളി 60 (50),മുരിങ്ങക്കോൽ 55 (42), കാരറ്റ് 60 (50), ബീറ്റ് റൂട്ട് 60 (50), വഴുതന 60 (50), വെണ്ട 50 (40), നാരങ്ങ 80 (70), ചേന 50 (40), മാങ്ങ 50 (40), പാവയ്ക്ക 60 (50), തക്കാളി 40 (30), പടവലം 45(40), കുമ്പളം 20 (20), വെള്ളരി 40 (38), ഉരുളക്കിഴങ്ങ് 30 (26), കാബേജ് 30(25), സവാള 40(35) ‌എന്നിങ്ങനെയാണ് വില.

രാവിലെ തമിഴ്നാടൻ ലോഡ് എത്തി കഴിഞ്ഞാൽ മാത്രമേ ഇന്നത്തെ വില നിലവാരം ലഭിക്കൂ.