നെടുമ്പാശേരി: പ്രവാസി മലയാളികൾക്ക് ഓണമാഘോഷിക്കാൻ കേരളത്തിൽ നിന്നും ഇത്തവണ നെടുമ്പാശേരി വഴി ഗൾഫിലേക്ക് കയറ്റിയയച്ചത് 1250 ടൺ പച്ചക്കറി. അവസാന ഘട്ടമായി 200 ടൺ പച്ചക്കറി ഇന്ന് വിമാനമേറും.

നാലാം തീയതിയാണ് ഓണപച്ചക്കറി കയറ്റുമതി തുടങ്ങിയത്.

അഞ്ച് ലക്ഷം തൂശനിലകളാണ് ഈ വർഷം ഗൾഫിലെത്തും.

വെണ്ടയ്ക്ക, പയർ, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, ഞാലി പൂവൻ, ക്യാരറ്റ്, ബീറ്റ്രൂട്ട്, കുമ്പളങ്ങ തുടങ്ങി ഏതാണ്ട് എല്ലാ പച്ചക്കറികളും ഗൾഫിലേക്ക് പോയി. ഇഞ്ചിയും, വേപ്പിലയും കൂടുതലായിട്ടുണ്ട്.

മസ്‌ക്കറ്റ്, കുവൈറ്റ്, ഷാർജ തുടങ്ങി എല്ലാ ഗൾഫ് നാടുകളിലേക്കും പച്ചക്കറികൾ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് ഡിമാൻഡ് ഏറെ.

മുൻ വർഷങ്ങളിലെ പോലെ പച്ചക്കറിയുമായി പ്രത്യേക കാർഗോ വിമാനങ്ങളൊന്നും നെടുമ്പാശേരിയിൽ നിന്നും ഇത്തവണ യാത്രയാകുന്നില്ല. യാത്രാ വിമാനങ്ങളിലെ കാർഗോ വഴിയാണ് ഇക്കുറി കയറ്റുമതി.