.കൊച്ചി:മെട്രോ സ്റ്റേഷനുകളിലെ ഓട്ടോറിക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കും. മെട്രോയാത്രക്കാരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ സ്റ്റേഷനുകളിലും ആവശ്യത്തിന് ഓട്ടോറിക്ഷ തൊഴിലാളികളെ നിയോഗിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഓട്ടോറിക്ഷ സൊസൈറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലുവയിൽ നിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ മാത്രം മെട്രോ സർവീസ് നടത്തിയിരുന്നപ്പോൾ ദിനം പ്രതി ശരാശരി 40000 പേരാണ് മെട്രോയിൽ യാത്ര ചെയ്തിരുന്നത്. മെട്രോ തൈക്കൂടം വരെ നീട്ടിയപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടായത്. കഴിഞ്ഞ ദിവസം 95000 യാത്രക്കാരാണ് മെട്രോയിൽ സഞ്ചരിച്ചത്. ഇതോടെയാണ് അനുബന്ധ യാത്രസൗകര്യങ്ങളൊരുക്കാൻ കെ.എം.ആർ.എൽ മുന്നിട്ടിറങ്ങുന്നത്. എല്ലാ സ്റ്റേഷനുകളിലും ഏത് സമയത്തും കുറഞ്ഞത് അഞ്ച് ഓട്ടോകളെങ്കിലും ഉണ്ടാവുമെന്നാണ് ഓട്ടോ സൊസൈറ്റിയുടെ ഉറപ്പ്.