കൊച്ചി: ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ തൊട്ട് വന്നും പോയും നിന്ന മഴ ഓണക്കച്ചവടത്തിന്റെ ശോഭ കെടുത്തി. പൂരാടം, ഉത്രാടം ദിവസങ്ങളിലാണ് ഏറ്റവും അധികം കച്ചവടം നടക്കുന്നത്. വെയിൽ താഴ്ന്നാൽ ആളുകൾ കുടുംബവുമായി ഷോപ്പിംഗിന് ഇറങ്ങും. ആ സമയം നോക്കി മഴയും വന്നതോടെ കച്ചവടം ആകെ കുളമായെന്ന് വഴിയോര കച്ചവടക്കാർ പരാതിപ്പെട്ടു. ഇന്നെങ്കിലും മഴയൊന്ന് മാറി നിൽക്കണേ എന്ന പ്രാർത്ഥനയിലാണ് കച്ചവടക്കാർ .
മുൻ വർഷങ്ങളിൽ ഓണക്കാലത്ത് ജോസ് ജംഗ്‌ഷന്റെ ഇരുഭാഗവും വഴിയോര കച്ചവടക്കാർ കൈയ്യടക്കിയിരുന്നു. എന്നാൽ നിയമങ്ങൾ കർശനമായതോടെ ഡർബാർ ഹാളിന്റെ പരിസരപ്രദേശങ്ങളിലേക്ക് കച്ചവടം ചുരുങ്ങി. ബഡ്‌ഷീറ്റ്, മുണ്ട്, സാരി, ചുരിദാർ, കർട്ടനുകൾ തുടങ്ങി എല്ലാ തുണിത്തരങ്ങളും താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. ഈ വർഷം പൊതുവേ വില്പന കുറവായിരുന്നുവെന്ന് പന്ത്രണ്ട് വർഷമായി ഓണകച്ചവടത്തിനെത്തുന്ന അനിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ കച്ചവടം പ്രളയത്തിൽ മുങ്ങി. ഇത്തവണയും കാര്യമായ നേട്ടമില്ലെന്ന് അനിൽ നിരാശയോടെ പറഞ്ഞു.
# ബ്രോഡ്‌വേയിൽ തിരക്കോടു തിരക്ക്
എറണാകുളം മാർക്കറ്റിലും ബ്രോഡ്‌വേയിലും ഇന്നലെ തിരക്ക് ഇരട്ടിയായി . ഓണസദ്യയ്ക്കുള്ള പച്ചക്കറികൾ വാങ്ങാനുള്ള ധൃതിയിലായിരുന്നു ആളുകൾ . ഓണാഘോഷങ്ങൾക്കായി ടൺ കണക്കിന് പച്ചക്കറികൾ മാർക്കറ്റിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിട്ടുമുണ്ട്. അച്ചിങ്ങ, ബീൻസ്, ഇഞ്ചി തുടങ്ങി ചുരുക്കം ചില ഇനങ്ങളൊഴിച്ചാൽ ഇക്കുറി പതിവ് വിലക്കയറ്റമുണ്ടായില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. വിലയിൽ നാമമാത്രമായ വർദ്ധനവാണുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്രാടത്തിന് നല്ല തിരക്കുണ്ടാകുമെന്ന് കച്ചവടക്കാർ കണക്ക്കൂട്ടുന്നു.
നഗരത്തിലെ വസ്ത്രശാലകളിലും തിരക്കിന് കുറവില്ല. വൻകിട തുണിക്കടകളിലും ചെറിയ ഷോപ്പുകളിലുമെല്ലാം ഒരേരീതിയിലുള്ള തിരക്കാണ് കാണുവാൻ സാധിക്കുന്നത്. പതിവ് തിരക്ക് ഇന്നും പ്രതീക്ഷിക്കാം. കൂടുതലും മൊത്ത കച്ചവടക്കാരാണ് ബ്രോഡ്‌വേയിലുള്ളത്. പാർക്കിംഗ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്.
# പായസക്കച്ചവടം ഉഷാറായി
ഏറ്റവും അധികം തിരക്ക് പായസക്കടകളിലാണ്. റെഡിമെയ്ഡ് പായസങ്ങൾക്ക് ആവശ്യക്കാരേറെയായതുകൊണ്ട് ഇന്നും തിരക്ക് കൂടുമെന്ന് വ്യാപാരികൾ പറയുന്നു. പാലട, പരിപ്പ്, ഗോതമ്പ് പായസത്തിനാണ് ഡിമാൻഡ്.