market-road
ആലുവ മാർക്കറ്റ് പരിസരത്തെ ഗതാഗതക്കുരുക്ക്

ആലുവ: റോഡിലെ മരണക്കുഴികളും ഓണക്കച്ചവടവുമെല്ലാം നഗരത്തെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിക്കുന്നു. വാഹനങ്ങൾ രാവും പകലുമെല്ലാം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നഗരപ്രദേശത്ത് മാത്രമല്ല ദേശീയപാതയിലും സമാനമായ സാഹചര്യമാണ്. റോഡിലെ കുഴിയടക്കാൻ അടിയന്തര നടപടികളാവശ്യപ്പെട്ട് സംഘടനകൾ സമരരംഗത്തിറങ്ങിയിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കുലുക്കമൊന്നുമില്ല.

# അനക്കമില്ലാതെ പൊതുമരാമത്ത് വകുപ്പ്

നാല് ദിവസം മുമ്പ് അശോകപുരം കൊച്ചിൻ ബാങ്ക് കവലയിൽ കുഴിയിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണമടഞ്ഞിരുന്നു. ഇതേത്തുടർന്ന് സംഘടനകൾ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെ താലൂക്ക് വികസന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധം ഉയർത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പും ദേശീയപാത അധികാരികളുമാണ് റോഡ് നാശത്തിന് കാരണക്കാരെന്നാണ് എം.എൽ.എ ആരോപിച്ചത്.

എം.എൽ.എയ്ക്കെതിരെ

എ.ഐ.വൈ.എഫ്

അതേസമയം എം.എൽ.എയ്ക്കെതിരെ എ.ഐ.വൈ.എഫ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി ടൗണും പരിസരപ്രദേശങ്ങളിലെ കവലകളും ഗതാഗതക്കുരുക്കിൽ സ്തംഭിച്ച് നിൽക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിന്റെ ചുമരിൽ ചാരുന്നത് ശരിയില്ലെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. ആലുവ കാരോത്തുകുഴി ജംഗ്ഷൻ മുതലുള്ള കടുത്ത ബ്ലോക്കിനെ മറികടക്കാൻ മാർക്കറ്റ് റോഡ് വികസനം അത്യാവശ്യമാണെന്നും കാരോത്തുകുഴി ആശുപത്രിയോട് ചേർന്നുള്ള ബൈ ലൈൻ റോഡ് ചെറു വാഹനങ്ങൾക്ക് പോവാൻ എം.എൽ.എ പെരിയാർ വാലി ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട് സഞ്ചാരയോഗ്യമാക്കണമെന്നും എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.